കനത്ത മഴ; എറണാകുളത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്

By Web TeamFirst Published Aug 14, 2019, 7:48 PM IST
Highlights

ജൂലൈ മാസത്തിൽ പനി ബാധിച്ച് 33,819 പേർ ചികിത്സ തേടിയപ്പോൾ ഈ മാസം ഇതുവരെ 11,122 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്.

കൊച്ചി: കനത്ത മഴയും വെളളപ്പൊക്കവും മൂലം എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ 21 പേർക്കാണ് ഈ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഡെങ്കിപ്പനിക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ ആശങ്കപ്പെടെണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. 

കഴിഞ്ഞ മാസം 95 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി പിടിപെട്ടതായി റിപ്പോർട്ട് ചെയ്തത്. ആറ് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റിൽ ഇതുവരെ ഒരാൾക്കു മാത്രമാണ് എലിപ്പനി പിടിപ്പെട്ടത്. ജൂലൈ മാസത്തിൽ പനി ബാധിച്ച് 33,819 പേർ ചികിത്സ തേടിയപ്പോൾ ഈ മാസം ഇതുവരെ 11,122 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. കാലവർഷം തുടങ്ങിയപ്പോൾ തന്നെ സർക്കാർ ആശുപത്രികളിൽ പനി ക്ലിനിക്കുകൾ തുടങ്ങിയിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളിൽ പനി ബാധിതരുടെ എണ്ണം വർധിക്കാത്തത് ആശ്വാസകരമായിട്ടുണ്ട്. മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ മഴക്കാല രോഗ ബാധിതരുടെ എണ്ണത്തിലും വൻ വർധനവ് ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. മഴ ഇനിയും തുടരാൻ ഇടയുള്ളതിനാൽ ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർക്കും ആരോ​ഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

click me!