കോഴിക്കോട് മാളിക്കടവില്‍ യുവതിയെ കെട്ടിത്തൂക്കിയ കേസില്‍ പ്രധാനപ്പെട്ട തെളിവ് പൊലീസിന് ലഭിച്ചു

കോഴിക്കോട്: കോഴിക്കോട് മാളിക്കടവില്‍ യുവതിയെ കെട്ടിത്തൂക്കിയ കേസില്‍ പ്രധാനപ്പെട്ട തെളിവ് പൊലീസിന് ലഭിച്ചു. ജീവന് അപായമുണ്ടെന്നും എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി പ്രതി വൈശഖനാണെന്നും ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ദിവസംരാവിലെ യുവതി സൈക്കോളജിസ്റ്റിന് സന്ദേശമയച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ തെളിവെടുപ്പ് പൂർത്തിയായതിനാൽ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. 

കൗണ്‍സിലിംഗ് നല്‍കാനായി ഈ മാസം 20,22 തീയതികളില്‍ പ്രതി വൈശാഖന്‍ യുവതിയെ ഭാര്യയെന്ന് പരിചയപ്പെടുത്തി കല്ലായിയിലുള്ള ഒരു സൈക്കോളജിസ്റ്റിന്റെ അടുത്ത് എത്തിച്ചിരുന്നു. 27 ന് വീണ്ടും കൗണ്‍സിലിംഗിന് എത്തമെന്ന് പറഞ്ഞാണ് തിരിച്ചു പോയത്. എന്നാല്‍ 24 ന് ഉച്ചയോടെയാണ് വൈശാഖന്‍റെ സ്ഥാപനത്തിനകത്ത് യുവതി കൊല്ലപ്പെടുന്നത്. അന്ന് രാവിലെ 9.30 തോടെ കൗണ്‍സിലിങ് സെന്ററിലേക്ക് അയച്ച സന്ദശത്തിലാണ് താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് യുവതി സൂചിപ്പിക്കുന്നത്. ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം വൈശാഖനാണെന്നുമാണ് ഈ സന്ദേശത്തില്‍ പറയുന്നത്.

ഓഫീസ് നമ്പറിലേക്ക് വന്ന ഈ സന്ദേശം പിന്നീടാണ് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് മൊഴി. 16 വയസില്‍ നേരിട്ട പീഡനമുള്‍പ്പെടെ വിവരിക്കുന്ന ഡയറിയുടെ ഭാഗവും യുവതി കൗണ്‍സിലര്‍ക്ക് വാട്സ് ആപ്പില്‍ അയച്ചു കൊടുത്തിട്ടുണ്ട്. ഈ സന്ദേശങ്ങള്‍ അയച്ചത് അറിയാതെയാണ് യുവതിയെ ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വൈശാഖന്‍ വിളിച്ചുവരുത്തുന്നതും പിന്നീട് കയറില്‍ കുരുക്കിട്ട് സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുന്നതും. ആദ്യം കൗണ്‍സിലിംഗിനെത്തിയപ്പോള്‍ യുവതി ഭാര്യ ആണെന്നായിരുന്നു വൈശാഖന്‍ പറഞ്ഞതെങ്കിലും പിന്നീട് ഇത് തിരുത്തിപ്പറയുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം പ്രതിയെ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.

YouTube video player