ശബരിമലയിൽ കനത്ത തിരക്ക് തുടരുന്നു: സൂര്യഗ്രഹണദിവസം നിയന്ത്രണം ഏര്‍പ്പെടുത്തും

By Web TeamFirst Published Dec 21, 2019, 11:06 AM IST
Highlights

സൂര്യഗ്രഹണ ദിവസമായ ഡിസംബര്‍ 26 വ്യാഴാഴ്ച രാവിലെ 7.30 മുതൽ 11.30 വരെ  നടയടച്ചിടും. 

പത്തനംതിട്ട: മണ്ഡപൂജയടുത്തതോടെ ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കേറുന്നു. സൂര്യഗ്രഹണ ദിവസമായ വ്യാഴാഴ്ച ദർശനത്തിനെത്തുന്ന    തീർത്ഥാടകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കും.

സന്നിധാനത്ത് എത്തുന്ന തീർഥാടകരുടെ എണ്ണം ദിവസേന എഴുപത്തി അയ്യായിരത്തിലും അധികമാണ്. അവധിദിനങ്ങളും മണ്ഡലപൂജ അടുത്തതും തിരക്ക് ക്രമാതീതമായി കൂടാൻ കാരണമായിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ മരക്കൂട്ടം മുതൽ കൂടുതൽ പോലീസുകാരെ വിന്യസിക്കുവാനാണ് തീരുമാനം. രണ്ട് കമ്പനി പോലീസുകാരെ അധികമായി നിയോഗിക്കും.

മണ്ഡലപൂജയ്ക്ക് തലേദിവസം പമ്പയിലും സന്നിധാനത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനുമാണ് തീരുമാനം. സൂര്യഗ്രഹണ ദിവസമായ 26ന് രാവിലെ 7.30 മുതൽ 11.30 വരെ നടയടച്ചിടും.  3.15മുതൽ 6.45 വരെ നെയ്യഭിഷേകം നടത്താം. സമയക്രമത്തിൽ വ്യത്യാസമുളളതിനാൽ അന്ന് തിരക്ക് കൂടുമെന്നും തീർത്ഥാടകർ  ഇതനുസരിച്ച് ദർശന സമയം ക്രമീകരിക്കണമെന്നും ദേവസ്വം ബോർഡ്അറിയിച്ചു. 

സുരക്ഷയുടെ ഭാഗമായി വിവിധ സേനാ വിഭാഗങ്ങൾക്കൊപ്പം ബോംബ് സ്ക്വാഡും പരിശോധന ശക്തമാക്കി. കൂടുതൽ സിസിടിവി ക്യാമറകളും ശരരണ പാതയിൽ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ട്.  തിരക്ക് കണക്കിലെടുത്ത് അപ്പം, അരവണ എന്നിവയുടെ കരുതൽ ശേഖരം  കൂട്ടിയിട്ടുണ്ട്.

click me!