നീണ്ടുനിന്നത് നിമിഷങ്ങൾ മാത്രം, മേൽക്കൂരകൾ പറന്നു, മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീണു;ചാലക്കുടിയിൽ മിന്നൽ ചുഴലി

Published : May 26, 2025, 08:34 PM ISTUpdated : May 26, 2025, 08:44 PM IST
നീണ്ടുനിന്നത് നിമിഷങ്ങൾ മാത്രം, മേൽക്കൂരകൾ പറന്നു, മരങ്ങളും പോസ്റ്റുകളും ഒടിഞ്ഞുവീണു;ചാലക്കുടിയിൽ മിന്നൽ ചുഴലി

Synopsis

ചാലക്കുടിയില്‍ വീശിയടിച്ച മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി, മരങ്ങള്‍ കടപുഴകി വീണു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

തൃശൂര്‍: മിന്നല്‍ ചുഴലിയില്‍ ചാലക്കുടിയില്‍ വ്യാപക നാശം. പടിഞ്ഞാറെ ചാലക്കുടി മേഖലയിലാണ് മിന്നല്‍ ചുഴലി വീശിയത്. നിമിഷങ്ങള്‍ മാത്രമാണ് കാറ്റടിച്ചത്. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ കാലവര്‍ഷത്തിലും ഈ പ്രദേശത്ത് മിന്നല്‍ ചുഴലി അനുഭവപ്പെട്ടിരുന്നു. കവുങ്ങ്, തെങ്ങ്, ജാതി, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ വ്യാപകമായി നശിച്ചു. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം നിലച്ചു.

മൂഞ്ഞേലി, ആര്‍.എം.എല്‍.പി. സ്‌കൂള്‍ പരിസരങ്ങളിലാണ് കനത്ത നാശം സംഭവിച്ചത്. എഴുപതോളം വീട്ടുവളപ്പിലെ വാഴ, ജാതി, കവുങ്ങ് എന്നിവയെല്ലാം കൂട്ടത്തോടെ മറിഞ്ഞു. ഇവിടെ അഞ്ച് ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞുവീണു. ഏഴ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മനപ്പടി പുന്നേലിപറമ്പില്‍ ജോര്‍ജിന്റെ വീടിന് മുകളിലെ ഷീറ്റിട്ട മേല്‍ക്കൂര പറന്ന് പോയി. ഈ മേല്‍ക്കൂര വീണ് മിനി, ശോശമ്മ എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വാര്യത്ത് രാധയുടെ വീടിന് മുകളില്‍ മരം വീണു. സുഘ ഭാസ്‌കരന്റെ വീടിന് മുന്നില്‍ തെങ്ങ് മറിഞ്ഞുവീണു. ചില്ലായി മോഹനന്‍, കുറ്റിയില്‍ പോള്‍ എന്നിവരുടെ പറമ്പില്‍ നിരവധി ജാതി, കവുങ്ങ് എന്നിവ മറിഞ്ഞുവീണു.

വടക്കുംഞ്ചേരി ജോസിന്റെ വീടിന് മുകളിലേക്ക് തേക്ക് മറിഞ്ഞു. പള്ളായി സജിയുടെ വീടിന് മുകളിലെ ഓട് പറന്നുപോയി. അറങ്ങാലി സജീവന്‍, മോഹനന്‍ എന്നിവരുടെ പറമ്പുകളിലെ ജാതിമരങ്ങള്‍ കടപുഴകി വീണു. കണ്ണമ്പുഴ ക്ഷേത്രത്തിന്റെ ഇരുമ്പ് വേലി പറന്നുപോയി. മരത്തോമ്പിള്ളി ഭരതക്ഷേത്രത്തിന് സമീപം പ്ലാവ് വീണ് രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പാലസ് റോഡില്‍ രണ്ട് സ്ഥലത്ത് മരങ്ങള്‍ മറിഞ്ഞ് റോഡിലേക്ക് വീണു.

മേലൂര്‍ കുറുപ്പത്ത് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 20 വീട്ടുപമ്പിലെ കാര്‍ഷിക വിളകള്‍ നശിച്ചു. മേലൂര്‍ പൂലാനി കൂവ്വക്കാടന്‍ രാജന്റെ പറമ്പിലെ ജാതിമരം കടപുഴകി വീടിന് മുകളിലേക്ക് വീണു. തെക്കൂടന്‍ വീട്ടില്‍ ഭരതന്റെ  പുളിമരം വീടിന് മുകളിലേക്ക് മറിഞ്ഞുവീണു. തെക്കുടന്‍ സുഭാഷിന്റെ ഓടിട്ട വീടിന് മുകളില്‍ കവുങ്ങ് മറിഞ്ഞ് വീണു. കൈതക്കാടന്‍ ദാനശീലന്റെ വിളവെടുപ്പിന് പാകമായ വാഴകളെല്ലാം ഒടിഞ്ഞുവീണു.

അതിരപ്പിള്ളിയിലെ പ്രവേശന കവാടത്തിന് മുന്നില്‍ മരം മറിഞ്ഞു വീണു. ഇവിടത്തെ റിസോര്‍ട്ടുകള്‍ക്ക് മുന്നിലും മരം മറിഞ്ഞുവീണു. വാഴച്ചാലില്‍ നിന്നുള്ള മലക്കപ്പാറ റോഡില്‍ മൂന്ന് സ്ഥലത്ത് വന്‍മരങ്ങള്‍ മറിഞ്ഞു. കൊരട്ടി പഞ്ചായത്തിലെ വഴിച്ചാല്‍, ചെറ്റാരിക്കല്‍, തിരുമുടിക്കുന്ന്, മുടപ്പുഴ എന്നിവിടങ്ങലിലും കാറ്റ് നാശം വിതച്ചു. കൊരട്ടി ഇലക്ട്രിക് സെക്ഷന്റെ കീഴിലുള്ള 17 പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. 45 സ്ഥലങ്ങളില്‍ വൈദ്യുത കമ്പികള്‍ പൊട്ടി. പ്രദേശത്ത് 300ഓളം ജാതിമരങ്ങള്‍ മറിഞ്ഞു. ദേശീയപാതയോരത്ത് എ.എസ്. ഗ്രാനൈറ്റിന് സമീപവും വലിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മറിഞ്ഞുവീണു.

ദേശീയപാതയിലെ ഗതാഗത കുരുക്കിനെ തുടര്‍ന്ന് വാഹനങ്ങള്‍ തിരിച്ചുവിടുന്ന ചെറ്റാരിക്കല്‍ വഴിച്ചാല്‍ റോഡില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു. ഗാന്ധിഗ്രാം ആശുപത്രിയില്‍ അന്തേവാസികളുടെ വാര്‍ഡിലേക്ക് മരം കടപുഴകി വീണു. കാടുകുറ്റി പഞ്ചായത്തിലെ പാമ്പുതറ, തൈക്കൂട്ടം, കല്ലൂര്‍ ജങ്ഷന്‍ എന്നിവടങ്ങളില്‍ റോഡിലേക്ക് മരം വീണ് ഗതാഗതം നിലച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ