കരുതാം ഒരു കുപ്പി വെള്ളം; വേനൽ ചൂട് കനക്കുന്നു, ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം

Published : Feb 28, 2021, 12:10 PM ISTUpdated : Feb 28, 2021, 12:13 PM IST
കരുതാം ഒരു കുപ്പി വെള്ളം; വേനൽ ചൂട് കനക്കുന്നു, ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം

Synopsis

65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും നൽകണം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് ക്രമാതീതമായി ഉയരുന്നതിൽ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം. നിര്‍ജ്ജലീകരണം സംഭവിക്കാനുള്ള സാധ്യതകളിൽ മുൻകരുതലെടുക്കണം. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും നൽകണമെന്നും ജാഗ്രതാ നിര്‍ദ്ദേശത്തിൽ പറയുന്നുണ്ട്. 

വേനൽ ചൂടിൽ നിന്ന് സംരക്ഷണവും പ്രതിരോധവും ഒരുക്കുന്നതിന് പൊതു ജനങ്ങൾക്ക് വിശദമായ മാര്‍ഗ്ഗ രേഖയും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സൂര്യാതാപം ഏൽക്കാനുള്ള സാധ്യതകൾ ഒഴിവാക്കണം. ആരോഗ്യപരമായ പ്രശ്നങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. 

എന്താണ് സൂര്യാഘാതം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം.

ലക്ഷണങ്ങള്‍

വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസിക അവസ്ഥയില്‍ ഉള്ള മാറ്റങ്ങള്‍ എന്നിവയോടൊപ്പം ചിലപ്പോള്‍ അബോധാവസ്ഥയും കാണപ്പെടാം. ഈ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറുടെ സേവനം ഉടനടി ലഭ്യമാക്കേണ്ടതാണ്.

എന്താണ് സൂര്യാതപം

സൂര്യാഘാതത്തെക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇവര്‍ ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളലേല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാന്‍ പാടില്ല.

ലക്ഷണങ്ങള്‍

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

സൂര്യാഘാതമേറ്റു എന്ന് തോന്നിയാല്‍ ഉടനടി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍

സൂര്യാഘാതം സൂര്യാതപം എന്നിവയേറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കുക. തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കുക. ഫാന്‍, എസി അല്ലെങ്കില്‍ വിശറി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം. ഫലങ്ങളും സാലഡുകളും കഴിക്കുവാന്‍ നല്‍കുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി