
കൊച്ചി: ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കി ചൊവ്വാഴ്ചക്കകം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇല്ലെങ്കിൽ കോടതിയിടപെടുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ബെഞ്ച് വ്യക്തമാക്കി.
പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിയ കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതിയാണ് ഡിവിഷൻ ബെഞ്ചിനെ ചൊടിപ്പിച്ചത്. കേന്ദ്ര നിയമത്തിനെതിരെ ഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്നും ഇത് തിരുത്തണമെന്നും കോടതി നിർദേശിച്ചു. സർക്കാർ നയം കേന്ദ്രമോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.
പിൻസീറ്റ് ഹെൽമറ്റ് വേണ്ടെന്ന സംസ്ഥാന സർക്കാർ നിയമഭേദഗതി നിയമപരമല്ല. കേന്ദ്ര നിയമം നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് കോടതിയുടെ നിർദേശം.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കാനാണ് സംസ്ഥാന സർക്കാർ നീക്കം. പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കി സർക്കുലർ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന സർക്കാർ ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam