ശബരിമല: പമ്പയിലെത്തിയ യുവതികളെ തിരിച്ചയച്ചതിനെ പറ്റി അറിയില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

Published : Nov 17, 2019, 12:19 PM IST
ശബരിമല: പമ്പയിലെത്തിയ യുവതികളെ തിരിച്ചയച്ചതിനെ പറ്റി അറിയില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ

Synopsis

ശബരിമല തീർത്ഥാടന കാലം കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള  തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മന്ത്രി വ്യക്തമാക്കി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഈ മണ്ഡലകാലം കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു

പത്തനംതിട്ട: ശബരിമല ക്ഷേത്ര സന്ദർശനത്തിനായി ആന്ധ്രയിൽ നിന്നെത്തിയ പത്ത് യുവതികളെ പമ്പയിൽ പൊലീസ് തടഞ്ഞത് സംബന്ധിച്ച് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ചേർന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല തീർത്ഥാടന കാലം കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള  തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് മന്ത്രി വ്യക്തമാക്കി. ആശങ്കകൾ ഒഴിഞ്ഞുള്ള മണ്ഡലകാലമായിരിക്കും ഇതെന്നും നിലക്കലിൽ വാഹന ' പാർക്കിംഗ് സൗകര്യം ആവശ്യത്തിനുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

ചെറിയ വാഹനങ്ങളെ നിലക്കലിൽ നിന്ന് പമ്പയിലേക്ക് കടത്തിവിടും. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ലാബ് സ്ഥാപിക്കും. നിലക്കലിൽ ബസ് കയറാൻ ക്യൂ സിസ്റ്റം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഈ മണ്ഡലകാലം കൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എഡിഎമ്മിന്റെ നേതൃത്വത്തിൽ എമർജൻസി ഓപ്പറേഷൻ സെൻറർ തുടങ്ങാനും എല്ലാ ദിവസവും ഉദ്യോഗസ്ഥരുടെ  നേതൃത്വത്തിൽ അവലോകന യോഗം ചേരാനും തീരുമാനമുണ്ട്. കെയു ജനീഷ് കുമാർ എംഎൽഎ, രാജു എബ്രഹാം എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു, പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ്, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

ഇന്നലെ വൈകിട്ടാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നത്. വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിച്ചത്.

പിന്നാലെ ശബരിമല, മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നു. ശബരിമല മേൽശാന്തിയായി എ കെ സുധീർ നമ്പൂതിരിയും, മാളികപ്പുറം മേൽശാന്തിയായി എം എസ് പരമേശ്വരൻ നമ്പൂതിരിയുമാണ് സ്ഥാനമേറ്റത്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണയും ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. അഞ്ച് സെക്‌ടറുകളായി തിരിച്ച് പതിനായിരം പൊലീസുകാരെയാണ് ശബരിമല പരിസരത്ത് വിന്യസിച്ചിട്ടുള്ളത്. കൂടാതെ വനമേഖലയിലും പ്രത്യേക നിരീക്ഷണം ഉണ്ട്. പരമ്പരാഗത കാനനപാതകള്‍ വഴി തീർത്ഥാടകരെ കയറ്റിവിടുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളയിലും മുട്ടുമടക്കി സർക്കാർ; കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റി
നടിയെ ആക്രമിച്ച കേസ്; അപ്പീലിനായുള്ള തുടര്‍ നടപടികള്‍ ഉടൻ പൂര്‍ത്തിയാക്കാൻ സര്‍ക്കാര്‍, ക്രിസ്മസ് അവധിക്കുശേഷം അപ്പീൽ നൽകും