
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. തെറ്റു ചെയ്തവരെ സംരക്ഷിക്കാൻ പാടില്ലെന്നും സർക്കാരിന്റെ നടപടി അതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. സിനിമ മേഖലയെ മൊത്തത്തിൽ വേട്ടയാടുന്നത് ശരിയല്ല. ഞാനും എന്റെ കുടുംബവും വേട്ടയാടപ്പെട്ടിട്ടുണ്ട്. ആ വേദന എനിക്കറിയാം. ഒരു മുൻ മുഖ്യമന്ത്രിയോട് ഈ സർക്കാർ ചെയ്തതെന്താണെന്ന് ഓർമയില്ലേയെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
അതേസമയം, പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ കൂടുതൽ ഭാഗങ്ങൾ വെട്ടിയതിൽ വിവാദം പുകയുന്നു. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. റിപ്പോര്‍ട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്. ആകെ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇത് ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 21 പാരഗ്രാഫുകൾ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്‍റെ വെട്ടിനീക്കൽ. സുപ്രധാന വിവരങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം.
വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പിനായി അപേക്ഷകർക്ക് നൽകിയ അറിയിപ്പിലും ഈ ഭാഗം ഒഴിവാക്കുന്നത് വ്യക്തമാക്കിയിരുന്നില്ല. സ്വകാര്യതയെ മാനിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്നാണ് സർക്കാര്‍ വിശദീകരണം. സ്വകാര്യ വിവരങ്ങൾ ഒഴിവാക്കാൻ വിവരവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കൂടുതൽ പാരഗ്രാഫുകൾ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam