
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച റിട്ട. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഗൗരവതരമാണെന്ന് ഡിവൈഎഫ്ഐ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ് സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ച് പഠിക്കുവാൻ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ ഒരു കമ്മിറ്റി ആദ്യമായിട്ടാണ്. സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനവും ലൈംഗിക ചൂഷണവും നേരിടുന്നതായും എതിർപ്പ് പറഞ്ഞാൽ അവസരങ്ങൾ നിഷേധിക്കപ്പെടുന്നതായും കാസ്റ്റിങ് കൗച്ച് ഉണ്ടന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഹേമ കമ്മിറ്റി മുന്നോട്ട് വച്ച ശുപാർശകൾ സർക്കാർ കൂടിയാലോചന നടത്തി പ്രയോഗത്തിൽ വരുത്തണം.
ലോകസിനിമയിൽ തന്നെ ശ്രദ്ധേയമായ പല നേട്ടങ്ങളും അടയാളപ്പെടുത്തിയതാണ് മലയാള സിനിമ. കേരളത്തിന്‍റെ സാംസ്കാരിക മുന്നേറ്റത്തിൽ സിനിമയ്ക്ക് വലിയ പങ്കുണ്ട്. ഇതിനെ കളങ്കപ്പെടുത്തുന്നവർ നടപടിക്ക് വിധേയരാവണം. എന്നാൽ ഇതിന്‍റെ പേരിൽ എല്ലാവരും മോശക്കാരാണ് എന്ന പ്രചാരണവും പാടില്ല. സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കാണുന്ന പ്രവണത ഇല്ലാതാക്കണം. മലയാള സിനിമയ്ക്ക് അതിന്‍റെ സാംസ്കാരിക ഔന്നത്യത്തോടെ മുന്നോട്ടു പോവാൻ കഴിയുന്ന വിധത്തിൽ റിപ്പോർട്ട് വിശദമായ പഠനത്തിന് വിധേയമാക്കി പ്രശ്നപരിഹാരം സാധ്യമാക്കുവാൻ സർക്കാർ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam