Asianet News MalayalamAsianet News Malayalam

ഒരു പയ്യന്‍റെ കഥ, ബസിൽ പാസ് കിട്ടിയതിനാൽ തുടർപഠനം സാധ്യമായ ആ പയ്യൻ ഇന്ന്...; ഹൃദയം തൊട്ട് കളക്ടറുടെ പ്രസംഗം

കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാ൯ സ്കൂളിലേക്കുള്ള വഴിയിൽ ഇടയ്ക്കിടെ ഒളിച്ചിരുന്ന് ആനയിൽ നിന്ന് രക്ഷപെട്ട് സ്കൂളിലെത്തിയിരുന്ന പയ്യ൯. എന്നാൽ അവന് ആ യാത്ര വലിയ കഷ്ടപ്പാടായി ഒരിക്കലും അനുഭവപ്പെട്ടതേയില്ല

story of a boy  he got students pass on bus so able to continue his studies today... Heart touching speech of the collector
Author
First Published Aug 17, 2024, 9:10 PM IST | Last Updated Aug 17, 2024, 9:10 PM IST

കൊച്ചി: ഒരു പയ്യന്‍റെ കഥ പറയാം എന്ന് പറഞ്ഞായിരുന്നു ജില്ലാ കളക്ട൪ എ൯ എസ് കെ ഉമേഷ് കഥ പറഞ്ഞു തുടങ്ങിയത്. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ എറണാകുളം ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്കുള്ള അനുമോദന ചടങ്ങിലായിരുന്നു ആരെയും പ്രചോദിപ്പിക്കുന്ന ജില്ലാ കളക്ടറുടെ പ്രസംഗം. നീലഗിരിയിലെ ചേരംപാടി എന്ന ഗ്രാമത്തിലെ കുന്നി൯ ചരുവിലെ വീട്ടിൽ നിന്നും അതീവ ദുഷ്കരമായ വഴികളിലൂടെ മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച് ദിവസവും സ്കൂളിലെത്തിയിരുന്ന പയ്യ൯. 

കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാ൯ സ്കൂളിലേക്കുള്ള വഴിയിൽ ഇടയ്ക്കിടെ ഒളിച്ചിരുന്ന് ആനയിൽ നിന്ന് രക്ഷപെട്ട് സ്കൂളിലെത്തിയിരുന്ന പയ്യ൯. എന്നാൽ അവന് ആ യാത്ര വലിയ കഷ്ടപ്പാടായി ഒരിക്കലും അനുഭവപ്പെട്ടതേയില്ല. തേയില തോട്ടത്തിൽ തൊഴിലാളിയായിരുന്ന തികച്ചും പാവപ്പെട്ട കുടുംബത്തിൽ നിന്ന് ദുരിതപൂ൪ണമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് സ്കൂളിലെത്തിയിരുന്ന ആ പയ്യന് ഹൈസ്കൂളിനു ശേഷം തുട൪ പഠനത്തിന് ഗൂഡല്ലൂ൪ പോകണം. അവിടെ വരെ യാത്ര ചെയ്ത് പഠിക്കാ൯ പോകാനുള്ള പണമില്ല. 

അപ്പോഴാണ് തമിഴ്നാട് സ൪ക്കാ൪ സ്കൂൾ ബസിൽ വിദ്യാ൪ഥികൾക്ക് പാസ് അനുവദിക്കുന്നത്. അതുകൊണ്ട് മാത്രം തുട൪ന്ന് പഠിക്കാ൯ അവസരം കിട്ടിയ പയ്യ൯. തുട൪ന്ന് അഗ്രിക്കൾച്ച൪ പഠിക്കാനാഗ്രഹിച്ചു. പിന്നീട് ഇന്ത്യ൯ സിവിൽ സ൪വീസ് എന്ന തന്‍റെ സ്വപ്നം കൈപ്പിടിയിലൊതുക്കി ആ പയ്യ൯. ആ പയ്യനാണ് തന്റെ സുഹൃത്തും ബാച്ച്മേറ്റും ഇപ്പോൾ കാസ൪ഗോഡ് ജില്ലാ കളക്ടറുമായ കെ ഇമ്പശേഖ൪ – സദസ്സിൽ നിന്നുയ൪ന്ന നിറഞ്ഞ കൈയടിയ്ക്കിടയിൽ ജില്ലാ കളക്ട൪ തുട൪ന്നു. 

താ൯ മനസിൽ കൊണ്ടു നടന്നിരുന്ന സ്വപ്നമായിരുന്നു അദ്ദേഹത്തെ നയിച്ചത്. നിങ്ങളും സ്വപ്നം കാണേണ്ട പ്രായമാണിത്. മു൯ രാഷ്ട്രപതി എ പി ജെ. അബ്‍ദുൾ കലാമിനെപ്പോലെ വലിയ സ്വപ്നങ്ങൾ കാണാനും ആ സ്വപ്നങ്ങൾക്ക് വേണ്ടി പ്രയത്നിക്കാനും ജില്ലാ കളക്ട൪ കുട്ടികളോട് പറഞ്ഞു. എസ് എസ് എൽ സി പരീക്ഷയിലെ വിജയം നിങ്ങളുടെ വിജയത്തിന്റെ ആദ്യപടിയാണ്. ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. സ്വപ്നങ്ങൾ യാഥാ൪ഥ്യമാക്കുന്നതിനുള്ള പ്രയാണം ആരംഭിക്കുന്നതിന് എല്ലാ വിജയാശംസകളും ജില്ലാ കളക്ട൪ നേ൪ന്നു.  

ഉന്നത വിജയം നേടിയ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് സ൪ട്ടിഫിക്കറ്റും എപിജെ അബ്‍ദുൾ കലാമിന്റെ അഗ്നിച്ചിറകുകൾ എന്ന പുസ്തകവും സമ്മാനമായി നൽകി. കാക്കനാട് ഗവ. ചിൽഡ്ര൯സ് ഹോമിലെയും അമ്പാടി സേവാ കേന്ദ്രം, ഹോളി ക്രോസ് എ൯ട്രി ഹോം, എസ് ഒ എസ് ചിൽഡ്ര൯സ് വില്ലേജ്, മാധവം ബാലികാ സദനം, അഗാപ്പെ ഹോം, ആ൪ദ്രത ബാലഭവനം, ബാലികാ മന്ദിരം, കാ൪മെറ്റ്, സെന്റ് മേരീസ് ബോയ്സ് ഹോം, സാന്ത്വനം, വിജയബാലമന്ദിരം, ഹോം ഓഫ് ഫെയ്ത്ത്, സെന്റ് ജോസഫ് ബാലികാ ഭവനം, പ്രേഷിതാലയ, മാതൃശക്തി വിദ്യാ൪ഥി സദനം, ധ൪മ്മഗിരി വികാസ്, ആശ്വാസഭവ൯, ശാന്തിതീരം, ഇമ്മാനുവേൽ ഓ൪ഫണേജ്, ശാന്തിഭവ൯ എന്നീ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെയും 80 കുട്ടികൾക്കാണ് സ൪ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. ശിശുക്ഷേമ സമിതി അംഗം നൈസി വർഗീസ്, ശിശു സംരക്ഷണ ഓഫീസർ കെ.എസ്. സിനി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം ഉല്ലാസ് മധു, പ്രൊട്ടക്ഷൻ ഓഫീസർ ഷാനോ ജോസ് എന്നിവർ പങ്കെടുത്തു.

7 വർഷം പൂട്ടിക്കിടന്ന പെട്ടിക്കടയ്ക്ക് 2,12,872 രൂപ വാടക കുടിശിക, നോട്ടീസ് കിട്ടി; ഇടപെടലുമായി എം ബി രാജേഷ്

മഹാരാഷ്ട്രയ്ക്ക് 2984 കോടി, യുപിക്ക് 1791 കോടി, ഗുജറാത്തിന് 1226 കോടി; പക്ഷേ കേരളത്തിന്...; സുപ്രധാനമായ കണക്ക് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios