
ദില്ലി: ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുന്നതിനെതിരായ ഹർജിയിൽ തിങ്കളാഴ്ച്ച സുപ്രീംകോടതി അന്തിമ ഉത്തരവ് പറയും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പറയുക. പരാതിയില്ലാത്തവരുടെ മൊഴിയിൽ കേസ് എടുത്തത് എന്തിനെന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. നടിമാരുടെ ഹർജിക്ക് പിന്നീൽ സ്പോണസർമാരുണ്ടോ എന്നും കോടതി വാദത്തിനിടെ ചോദിച്ചു
ഹേമ കമ്മിറ്റിക്ക് മുൻപാകെ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് എടുക്കുന്നതിരെയാണ് സുപ്രീംകോടതിയിൽ ഹർജി എത്തിയത്. അന്വേഷണം റദ്ദാക്കുന്നതിനെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരും വനിത കമ്മീഷനും ശക്തമായി എതിർത്തു. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. സിനിമാ രംഗത്ത് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും സർക്കാർ വാദിച്ചു.
സജിമോൻ പാറയിലന്റെ ഹർജി തള്ളണമെന്ന വനിത കമ്മീഷൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് നീതി ഉറപ്പാക്കനാണ് അന്വേഷണം നടക്കുന്നതന്ന് വനിത കമ്മീഷൻ വ്യക്തമാക്കി. കുറ്റകൃത്യം നടന്നെന്ന് വ്യക്തമായാൽ പൊലീസിന് കേസ് എടുക്കാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, തെളിവുകൾ ഇല്ലെങ്കിൽ കേസ് എടുക്കാൻ നിർദ്ദേശിക്കുന്ന ഹൈക്കോടതി ഉത്തരവിനെ പിന്തുണയ്ക്കാനാകില്ലെന്ന് നീരീക്ഷിച്ചു.
എന്തിനാണ് സജിമോൻ പാറയിൽ അന്വേഷണത്തെ എതിർക്കുന്നതെന്നും കോടതി ചോദിച്ചു. സിനിമാ നിർമ്മാതാവായ തനിക്കെതിരെ പോലും ഈ മൊഴികൾ ഉപയോഗിക്കാനാകുമെന്ന് സജിമോൻ പാറയിലിൻ്റെ അഭിഭാഷകർ വാദിച്ചു. സജിമോന് പിന്നിൽ സിനിമരംഗത്തെ വലിയ വ്യക്തകളാണെന്ന് വുമൺ ഇൻ സിനിമാ കളക്ടീവും വാദിച്ചു. പരാതി നൽകിയതിന്റ പേരിൽ ഭീഷണിയുണ്ടെന്നും ഹേമ കമ്മറ്റിയുടെ ഇടപെടൽ ആത്മവിശ്വാസം നൽകുന്നതാണെന്നും മേക്കപ്പ് ആർട്ടിസ്റ്റുകളുടെ അഭിഭാഷക കോടതിയെ അറിയിച്ചു.
എന്നാൽ തന്റെ അനുവാദം ഇല്ലാതെയാണ് മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തതെന്ന ഹർജിക്കാരിയായ നടി പറഞ്ഞതോടെ ഇത് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആളുകളെ ഈ രീതിയിൽ ഉപദ്രവിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. വാദത്തിനിടെ രോഷത്തോടെ സംസാരിച്ച നടിയുടെ അഭിഭാഷകനോട് ഹർജികൾക്ക് പിന്നിൽ സ്പോണസർമാരുണ്ടോ എന്നും കോടതി ചോദിച്ചു.
ഹർജികളിൽ തിങ്കളാഴ്ച്ച അന്തിമ ഉത്തരവ് നൽകുമെന്ന് കോടതി അറിയിച്ചു. കേസിൽ സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാർ, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ, വനിതാ കമ്മീഷനായി എ പാർവതി മേനോൻ, ഡബ്ല്യുസിസിക്കായി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കര നാരായൺ, അഭിഭാഷകരായ കുര്യോക്കോസ് വർഗീസ്, വി ശ്യാം മോഹൻ, മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സംഘടനയ്ക്കായി അഭിഭാഷക സന്ധ്യ രാജു എന്നിവർ ഹാജരായി. കേസിലെ ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകരായ ആർ ബസന്ത്, സിദ്ദാർത്ഥ് ധവേ, അഭിഭാഷകരായ സൈബി ജോൺ കിടങ്ങൂർ, എ കാർത്തിക്, അബിദ് അലി ബീരാൻ എന്നിവരും ഹാജരായി.
https://www.youtube.com/watch?v=Ko18SgceYX8