
റാഞ്ചി:ഝാര്‍ഖണ്ഡിന്‍റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോണ്‍ഗ്രസ്സില്‍ നിന്നുള്ള രണ്ടു പേരും വിജയിച്ച ആര്‍ജെഡി എംഎല്‍എയും മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായി ചുമതലയേറ്റു. രാഹുല്‍ ഗാന്ധിയും മമതാ ബാനര്‍ജിയും എംകെ സ്റ്റാലിനുമടക്കം പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു സംഗമം തന്നെയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്ന റാഞ്ചിയിലെ മോറാബാദി മൈതാനത്ത് കണ്ടത്.
ഉച്ചയ്ക്ക് രണ്ടുമണിയോടെ ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാമേശ്വര്‍ ഓറോണ്‍, കോണ്‍ഗ്രസ് നേതാവും മുന്‍ ഝാര്‍ഖണ്ഡ് നിയമസഭാ സ്പീക്കറുമായിരുന്ന അലംഗീര്‍ അലാം, ആര്‍ജെഎഡിയില്‍ നിന്ന് വിജയിച്ച സത്യാനന്ദ് ഭൊക്ത എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.12 അംഗ മന്ത്രിസഭയിലെ ബാക്കി അംഗങ്ങള്‍ പിന്നീട് അധികാരമേല്‍ക്കും
രാവിലെ മുതല്‍ തന്നെ മോറാബാദി മൈതാനിയിലേക്ക് മഹാസഖ്യത്തിന്‍റെ പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. രാജ്യത്താകമാനം പൗരത്വ നിയമ ഭേദഗതിക്കെതിരായ ശക്തമായ പ്രക്ഷോഭം അലയടിക്കുമ്പോള്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കിയ ഹേമന്ത് സര്‍ക്കാരിന് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ കൂട്ടത്തോടെയെത്തി. രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, എംകെ സ്റ്റാലിന്‍, ശരത് യാദവ്, അശോക് ഗെഹ് ലോട്ട്, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളുടെയെല്ലാം പ്രതിനിധികളുണ്ടായിരുന്നു. സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ശരത് പവാര്‍, തുടങ്ങിയവര്‍ എത്തിയില്ല.
കഴിഞ്ഞ തിങ്കളഴാച നടന്ന വോട്ടെണ്ണലില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സംഖ്യം 47 സീറ്റുകള്‍ നേടി അധികാരമുറപ്പിച്ചിരുന്നു. നേരത്തെ ബിജെപി സഖ്യത്തിലുണ്ടായ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച കൂടി സോറന് പിന്തുണ പ്രഖ്യാപിച്ചതോടെ 81 അംഗ നിയമസഭയില്‍ 50 അംഗങ്ങളുടെ ഭൂരിപക്ഷവുമായാണ് ഹേമന്ത് സോറന്‍ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.
നേരത്തെ 2013ലും ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നു. ഭരണകാലയളില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ അന്‍പത് ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയ സോറന്‍റെ നടപടി ഏറെ പ്രശംസിക്കപ്പെട്ടു. 17 മാസം നീണ്ട ഭരണത്തിനിടെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളായ സരന്ധ, പശ്ചിമ സിംഗ്ബും എന്നിവിടങ്ങളില്‍ വികസനമെത്തിച്ചും വിവിധ പദ്ധതികള്‍ നടപ്പാക്കിയും അന്തരീക്ഷം മെച്ചപ്പെടുത്താനും സോറന് സാധിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam