
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾ പരിധി വിടരുതെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിരുവിട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ശക്തമായി തന്നെ നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം എന്നും പിണറായി വിജയൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തുടര്‍ സമരപരിപാടികൾ ആലോചിക്കാൻ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ഇന്ത്യയെ പടിപടിയായി മതാതിഷ്ഠിത രാജ്യമാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാമക്ഷേത്ര നിർമാണവും പൗരത്വ നിയമവുമെല്ലാം അതിന് ഉദാഹരണമാണ്. മതപരമായ കാര്യങ്ങൾ ഉയർത്തിക്കാട്ടി ജീവൽ പ്രശ്നങ്ങൾ മൂടിവയ്ക്കുകയാണ് ചെയ്യുന്നത്. കേന്ദ്രസർക്കാർ മതേതരത്വത്തെ പണയം വയ്ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൗരത്വ ബില്ലിനെതിരെ ഒന്നിച്ചു നിൽക്കണമെന്ന ആവശ്യം മുഖ്യമന്ത്രി സർവകക്ഷി യോഗത്തിൽ ഉന്നയിച്ചു. ഒന്നിച്ചു നിന്നാൽ അതിന്റെ ബലം മറ്റൊന്നാണ്. വർഗീയ ശക്തികളുടെയും തീവ്ര സംഘടനകളുടെയും പ്രക്ഷോഭം പരിധിക്കുള്ളിൽ നിൽക്കണം എന്നില്ല. അതിനെ കർക്കശമായി നേരിടേണ്ടി വരും," എന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂരിൽ ഗവർണർ പങ്കെടുത്ത ഇന്ത്യൻ ചരിത്രകോൺഗ്രസിന്‍റെ ഉദ്ഘാടനച്ചടങ്ങും അനുബന്ധിച്ചുണ്ടായ പ്രതിഷേധങ്ങളും കണക്കിലെടുത്ത് കൂടിയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളും കേസും അതിര് കടക്കരുതെന്ന് സര്‍വകക്ഷിയോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam