
ദില്ലി: ഇന്നലെ കൊച്ചിയിൽ പെയ്ത മഴ ജനങ്ങളിൽ ഭീതി പടർത്തുന്നുവെന്ന് ഹൈബി ഈഡൻ എംപി. നിജസ്ഥിതി അറിയാൻ ദേശീയ ഏജൻസി പഠനം നടത്തണം എന്ന് ആവശ്യപ്പെട്ട് എംപി പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
കൊച്ചിയിൽ ഇന്നലെ പെയ്ത മഴയിൽ നുരയും പതയും നിറഞ്ഞ വെള്ളം പെയ്തിറങ്ങിയത് പ്രദേശവാസികളിൽ ഭീതി ഉയർത്തിയിരിക്കുകയാണ്. മഴ വെള്ളത്തിൽ അസ്വാഭാവികമായ രീതിയിൽ ആസിഡ് കലർന്നിട്ടുണ്ടോ എന്നത് ജനങ്ങളുടെ ഭീതിയുടെ തോത് വർദ്ധിപ്പിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന ചില റിപ്പോർട്ടുകൾ സ്വകാര്യ വ്യക്തികൾ നടത്തിയ ലിറ്റ്നസ് ടെസ്റ്റ് പുറത്തു വിട്ടതിലൂടെ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും നോട്ടീസിലുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നേരിട്ട് സംഭവത്തെക്കുറിച്ച് പഠിച്ച് ഔദ്യോഗികമായ ഒരു പഠന റിപ്പോർട്ട് എത്രയും പെട്ടെന്ന് പുറത്തു വിടണമെന്നാണ് ഹൈബി ഈഡൻ ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രഹ്മപുരത്തെ തീപിടുത്തത്തിലെ പാരിസ്ഥിതിക ആഘാത പഠനം ഒരു ദേശീയ ഏജൻസിയെ കൊണ്ട് നടത്തിച്ച് ആവശ്യമായ നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും അദ്ദേഹം നോട്ടീസിൽ ആവശ്യപെട്ടു.
എറണാകുളത്തെ സംഭവികാസം ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര ഗവൺമെൻറ് ഭൗതികവും സാമ്പത്തികവുമായ സഹായങ്ങൾ എത്രയും പെട്ടെന്ന് നൽകണമെന്നും ഹൈബി ഈഡൻ പാർലമെൻറിൽ കഴിഞ്ഞ ദിവസം അവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ആരോഗ്യമന്ത്രിക്ക് നിവേദനവും സമർപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam