'ബിപിസിഎല്‍ വില്‍പ്പന പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെ'; പാര്‍ലമെന്‍റില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍

By Web TeamFirst Published Nov 18, 2019, 1:53 PM IST
Highlights

വളരെ ലാഭത്തിൽ പ്രവർത്തിക്കുന്ന ബിപിസിഎലിനെ പോലെ ഒരു പൊതുമേഖല സ്ഥാപനം വിൽക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെയാണ്. ശക്തമായ പ്രതിഷേധങ്ങൾ ഇതിനെതിരെ ഉണ്ടാകണമെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു

ദില്ലി: പൊതുമേഖല കമ്പനിയായ ഭാരത് പെട്രോളിയം വില്‍ക്കുന്നതിരെയുള്ള പ്രതിഷേധം പാര്‍ലമെന്‍റില്‍ അറിയിച്ച് എറണാകുളം എംപി ഹൈബി ഈഡന്‍. വലിയ രാജ്യസ്നേഹം പറയുന്നവർ രാജ്യത്തെ ഓരോ ദിവസവും വിൽക്കുകയാണെന്ന് ഹൈബി പറഞ്ഞു. വളരെ ലാഭത്തിൽ പ്രവർത്തിക്കുന്ന ബിപിസിഎലിനെ പോലെ ഒരു പൊതുമേഖല സ്ഥാപനം വിൽക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെയാണ്.

ശക്തമായ പ്രതിഷേധങ്ങൾ ഇതിനെതിരെ ഉണ്ടാകണമെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.  രാജ്യത്തെ പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും അടുത്ത മാര്‍ച്ചോടെ വില്‍ക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടൈസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരുലക്ഷം കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കുന്നതെന്നാണ് മന്ത്രി പറയുന്നത്. എയര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ വിദേശ നിക്ഷേപ സംഗമങ്ങളില്‍ നിക്ഷേപകര്‍ വലിയ താത്പര്യം കാണിക്കുന്നുണ്ട്.

മുമ്പ് ഈ താത്പര്യം ഇത്രയും ഉണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാനും പ്രതിസന്ധികള്‍ മറികടക്കാനുമായി ശരിയായ സമയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.

click me!