പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കുന്നത് പരിശോധിക്കും, പബ്ബുകളോട് എതിര്‍പ്പില്ല: മന്ത്രി ടിപി രാമകൃഷ്ണൻ

By Web TeamFirst Published Nov 18, 2019, 1:14 PM IST
Highlights

പ്രായോഗികത പരിശോധിച്ച് മാത്രമെ നടപടി ഉണ്ടാകു. ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങളിലേക്ക് പോയിട്ടില്ലെന്ന് മന്ത്രി.

കോഴിക്കോട്: സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുന്നതിനോട് തത്വത്തിൽ എതിര്‍പ്പില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ . എന്നാൽ നടപ്പാക്കുന്നതിന് മുമ്പ് പ്രായോഗികത പരിശോധിക്കും. ആവശ്യം ഉണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമെ പദ്ധതി നടപ്പാക്കു, ഇക്കാര്യത്തിൽ കൂടുതൽ നടപടികളിലേക്ക് പോയിട്ടില്ലെന്നും എക്സൈസ് മന്ത്രി പറഞ്ഞു, 

പഠനം ആവശ്യമില്ല. പബ്ബ് തുടങ്ങുന്ന കാര്യത്തിൽ മറ്റ് നടപടികളിലേക്ക് പോയിട്ടും ഇല്ല .ഇപ്പോൾ നിലവിലെ സ്ഥിതി തുടരുമെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. മൈക്രോ ബ്രുവറിയുടെ കാര്യത്തിലും നടപടി ആയിട്ടില്ല . ഈ മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണം എന്ന ആവശ്യം ഉയരുന്നുണ്ട് .എന്നാൽ അവസാന  തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി കോഴിക്കോട്ട് വിശദീകരിച്ചു. പഴവർഗ്ഗങ്ങളിൽ നിന്നും കാര്‍ഷികോത്പന്നങ്ങളിൽ നിന്നും  വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാമെന്ന് കാർഷിക സർവകലാശാല റിപ്പോർട്ട് തന്നിട്ടുണ്ട്. ഇതും സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു. "

രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന പബ്ബുകളും ഹോട്ടലുകളും സംസ്ഥാനത്ത് ആവശ്യമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. നാം മുന്നോട്ട് എന്ന പേരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷന്‍ പരിപാടിയിലായിരുന്നു പിണറായി വിജയന്‍റെ പ്രതികരണം. ഐടി രംഗത്തും മറ്റും കൂടുതല്‍ വികസനം കൊണ്ടു വരാനും കൂടുതല്‍ വിദേശസഞ്ചാരികളെ ആകര്‍ഷിക്കാനും അവരുടെ ജീവിതശൈലിക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും ഇക്കാര്യം ഗൗരവമായി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞ് വച്ചത് വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. 

click me!