
തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനം മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിനെ തള്ളി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ പാർട്ടിയിൽ ആലോചന നടന്നിട്ടില്ലെന്നും ബില്ലിനെ ഗൗരവത്തിൽ എടുക്കേണ്ടതില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. തിരുവനന്തപുരം തന്നെ തലസ്ഥാനമായി തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നും ചെന്നിത്തല തുറന്ന് പറഞ്ഞു.
അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെയും ടി.വി.രാജേഷിനെയും പ്രതിയാക്കാൻ കെ.സുധാകരൻ ഇടപെട്ടെന്ന രീതിയിൽ ബി ആർ എം ഷഫീർ നടത്തിയ പ്രസംഗത്തെ രമേശ് ചെന്നിത്തല തള്ളി. ഷെഫീർ പറഞ്ഞ കാര്യം തെറ്റാണെന്നും കേസ് സിബിഐ അന്വേഷിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുക്കുന്നത്. കെ സുധാകരൻ പറഞ്ഞാൽ സിബിഐ കേസെടുക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേ സമയം, കേരളത്തിന്‍റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ ചൊല്ലി വിവാദം കനക്കുകയാണ്. കോൺഗ്രസിനുള്ളിൽ തന്നെ ഹൈബിക്കെതിരെ വിമർശനമുയർന്നു. സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും തള്ളി. പാര്‍ട്ടിയോട് ആലോചിക്കാതെ ബില്‍ കൊണ്ടുവന്നതില്‍ ഹൈബി ഈഡനെ വിളിച്ച് അതൃപ്തി അറിയിച്ചതായി സതീശന്‍ വിശദീകരിച്ചു. ഹൈബിയുടേത് സ്വകാര്യ ബില്ലാണെന്നും അത് കോണ്‍ഗ്രസിന്‍റെ നിലപാട് അല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ബില്‍ പിൻവലിക്കണമെന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്വകാര്യബില്ലിനെ ആർഎസ്പിയും വിമർശിച്ചു. ഇത്തരം ചർച്ച തന്നെ ഗുണകരമല്ലെന്ന് പ്രേമചന്ദ്രൻ എംപി പ്രതികരിച്ചപ്പോൾ ഒരു ചെറുപ്പക്കാരന്‍റെ തോന്നല്‍ മാത്രമാണെന്നായിരുന്നു ഷിബു ബേബി ജോണിന്റെ പരിഹാസം. ഇത്തരം കാര്യങ്ങൾ പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യുന്നതാണ് മര്യാദയെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam