ദില്ലി: കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ കൂടുതൽ യുവാക്കളെ മുൻനിരയിലേക്ക് കൊണ്ടുവരണമെന്ന് ഹൈക്കമാന്‍റ്. സാമുദായിക പരിഗണനക്കൊപ്പം കഴിവും സംഘടനാ മികവും ആയിരിക്കണം മാനദണ്ഡമെന്ന് ഹൈക്കമാന്‍റ് നിര്‍ദ്ദേശിച്ചു. അതേസമയം, ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക ഹൈക്കമാന്‍റിന് കൈമാറിയതിന് പിന്നാലെ പ്രതിഷേധവുമായി ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തി. കേരളത്തിൽ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് നീക്കമെന്ന് ഹൈക്കമാന്‍റിനെ നേതാക്കൾ പരാതി അറിയിച്ചു. രാവിലെ കെ സുധാകരന്‍റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഡിസിസി പട്ടിക കൈമാറിയത്.
കെപിസിസി അധ്യയക്ഷനും പ്രതിപക്ഷനേതാവും മൂന്ന് വര്‍ക്കിംഗ് പ്രസിഡന്‍റുമാരും സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അൻവറിനൊപ്പമാണ് രാഹുൽ ഗാന്ധിയെ കണ്ടത്. ഒന്നോ രണ്ടോ ഇടങ്ങളിലൊഴികെ മറ്റെല്ലാ ഡിസിസികളിലും രണ്ടും മൂന്നും പേരുകൾ ഉൾപ്പെടുത്തിയ ചുരുക്ക പട്ടികയാണ് ഹൈക്കമാന്‍റിന് കൈമാറിയത്. സാമുദായിക പരിഗണന മാത്രമല്ല, പാര്‍ട്ടിയെ ശക്തിപ്പെടുത്താൻ ശേഷിയുള്ള യുവനിരയ്ക്ക് കൂടുതൽ പരിഗണന നൽകണമെന്ന് രാഹുൽ ഗാന്ധി നിര്‍ദ്ദേശിച്ചു. രാഹുലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എല്ലാ ഡിസിസികളിലും ഒരുപേരിലേക്ക് എത്താനുള്ള ചര്‍ച്ച തുടങ്ങി. കെ സി വേണുഗോപാലിന്‍റെ വസതിയിൽ താരിഖ് അൻവര്‍കൂടി ഉൾപ്പെട്ട ചര്‍ച്ച നടന്നു.
അതിനിടെയാണ് ഡി.സിസി ഭാരവാഹികളെ ഏകപക്ഷീയമായി തീരുമാനിക്കാനുള്ള സുധാകരന്‍റെയും സതീശന്‍റെയും നീക്കത്തോട് സഹകരിക്കില്ലെന്ന നിലപാട് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍റിനെ അറിയിച്ചത്. കൂടിയാലോചന നടത്താതെ പ്രത്യേക ഗ്രൂപ്പുണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും വിമര്‍ശനവും ഉമ്മൻചാണ്ടിയും രമേശ് ചെന്നത്തയും ഉയര്‍ത്തുന്നു. പ്രശ്നപരിഹാരത്തിനായി ഇരുനേതാക്കളെയും ഹൈക്കമാന്‍റെ ദില്ലിക്ക് വിളിപ്പെച്ചേക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona