
കൊച്ചി: കൊച്ചി അരൂജാസ് സ്കൂളിലെ വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാനാകാതെ പോയ സംഭവത്തിൽ സിബിഎസ്ഇയെ കണക്കറ്റ് വിമർശിച്ച് ഹൈക്കോടതി. നാടെങ്ങും സ്കൂളുകൾ തുറന്നിട്ട് വിദ്യാർഥികളെ ചൂഷണം ചെയ്യാൻ ലാഭക്കൊതിയൻമാർക്ക് എറിഞ്ഞുകൊടുത്തിരിക്കുകയാണെന്ന് സിംഗിൾ ബെഞ്ച് വിമർശിച്ചു. പരീക്ഷ എഴുതാനാകാതെ പോയ വിദ്യാർഥികളുടെ കാര്യത്തിൽ ഇനിയെന്ത് പോംവഴിയെന്നറിയിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
സിബിഎസ്ഇ റീജിയണൽ ഡയറക്ടർ സച്ചിൻ ധാക്കൂറിനെ വിളിച്ചുവരുത്തിയായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ രൂക്ഷ വിമർശനം. അംഗീകാരമില്ലാത്തെ സ്കൂളുകൾക്കെതിരെ എന്തുകൊണ്ടാണ് സിബിഎസ്ഇ നടപടിയെടുക്കാത്തതെന്ന് കോടതി ചോദിച്ചു. നിങ്ങളുടെ മൗനം ലാഭക്കൊതിയൻമാർ ദുരുപയോഗം ചെയ്യുന്നു. രാജ്യത്ത് സിബിഎസ്ഇക്ക് ബ്രാന്‍റ് വാല്യു ഉണ്ട്. അത് വെച്ചാണ് നിങ്ങൾ വിദ്യാർഥികളെയും രക്ഷിതാക്കളേയും ചൂഷണം ചെയ്യുന്നതെന്ന് കോടതി വിമര്‍ശിച്ചു.
കുറച്ചുകൂടി ഉത്തരവാദിത്വം സിബിഎസ്ഇ കാണിക്കണം. നാടെങ്ങും തോന്നിതയുപോലെ സ്കൂൾ തുടങ്ങിയിട്ട് പിന്നീട് ആ വഴിക്ക് തിരിഞ്ഞ് നോക്കില്ല. ഇത് അനുവദിക്കാൻ പറ്റില്ല. സിബിഎസ്ഇയുടെ മൗനമാണ് കാര്യങ്ങൾ വഷളാക്കിയത്. അംഗീകാരമില്ലാത്ത സ്കൂളുകളിലെ വിദ്യാർഥികളെ അംഗീകാരമുള്ളയിടത്ത് കൊണ്ടുപോയി പരീക്ഷ എഴുതിച്ചാണ് തടിതപ്പുന്നത്. അങ്ങനെ എത്ര സ്കൂളുകൾ ഉണ്ടെന്ന് ഒരാഴ്ചക്കകം അറിയിക്കണം. ഒത്തുകളിയും വീഴ്ചകളും പകൽ പോലെ വ്യക്തമാണ്. കോടതിക്കുമുന്നിലും ഒളിച്ചുകളിക്കാനാണ് സിബിഎസ്ഇയുടെ ഭാവമെങ്കിൽ വെറുതെവിടില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
സംഭവം ഗൗരവമായി തന്നെ കൈകാര്യം ചെയ്യുമെന്നും കോടതി അറിയിച്ചു. വിദ്യാർഥികളുടെ ഭാവിവെച്ച് നിങ്ങൾ കളിക്കേണ്ട. അരൂജാസ് സ്കൂളിലെ വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാതിരിക്കാൻ എന്തുചെയ്യാനാകുമെന്ന് സംസ്ഥാന സർക്കാർ അറിയിക്കണം. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ അടക്കം വ്യക്തമാക്കി അടുത്ത ബുധനാഴ്ച വിശദമായ സത്യവാങ്മൂലം നൽകാനും സിബിഎസ്ഇയോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടു. ഇത് അവസാന താക്കീതാണെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam