'വമ്പൻസ്രാവുകൾക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ല'; കാരക്കോണം മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ഹൈക്കോടതി

Published : Jul 17, 2020, 10:29 AM ISTUpdated : Jul 17, 2020, 11:08 AM IST
'വമ്പൻസ്രാവുകൾക്കെതിരെ എന്തുകൊണ്ട് അന്വേഷണമില്ല'; കാരക്കോണം മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ഹൈക്കോടതി

Synopsis

സിഎസ്ഐ സഭാ അധ്യക്ഷൻ ധർമരാജ് റസാലം, കോളേജ് ഡയറക്ടർ ഡോ. ബെനറ്റ് എബ്രഹാം എന്നിവർക്കെതിരെ അന്വേഷണം നടക്കാത്തതിലാണ് കോടതിയുടെ വിമർശനം.

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ക്രൈംബ്രാ‌ഞ്ചിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. വമ്പൻസ്രാവുകൾക്കെതിരെ എന്തുകൊണ്ട് അന്വേഷണം ഇല്ലെന്ന് കോടതി ചോദിച്ചു. ജീവനക്കാർക്ക് പിന്നാലെ മാത്രമാണ് ക്രൈംബ്രാ‌ഞ്ചെന്ന് കോടതി വിമര്‍ശിച്ചു. പ്രധാന പ്രതികൾക്കെതിരെ നടപടിയില്ലാത്തത് ആശങ്കപ്പെടുത്തുന്നുവെന്നും ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. 

പത്ത് ദിവസത്തിനകം അന്വേഷണ പുരോഗതി അറിയിക്കാൻ ക്രൈംബ്രാ‌ഞ്ചിന് കോടതി നിർദ്ദേശം നൽകി. സിഎസ്ഐ സഭാ അധ്യക്ഷൻ ധർമരാജ് രസാലം, കോളേജ് ഡയറക്ടർ ഡോ. ബെനറ്റ് എബ്രഹാം എന്നിവർക്കെതിരെ അന്വേഷണം നടക്കാത്തതിലാണ് കോടതിയുടെ വിമർശനം. രണ്ട് പ്രതികളുടെ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ ആയിരുന്നു ക്രൈംബ്രാ‌ഞ്ചിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.

സിഎസ്ഐ സഭയ്ക്ക് കീഴിലുള്ള മെഡിക്കൽ കോളേജാണ് കാരക്കോണം മെഡിക്കൽ കോളേജ്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് മെഡിക്കൽ കോളേജ് അധികൃതർ നാല് പേരിൽ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. 2019 ഏപ്രിലിലാണ് കേസ് റജിസ്റ്റർ ചെയ്യുന്നത്. സീറ്റ് പേയ്മെന്‍റ് വിവാദത്തിൽ പുലിവാല് പിടിച്ച മുൻ സിപിഐ സ്ഥാനാർത്ഥി ഡോ ബെനറ്റ് എബ്രഹാമാണ് കേസിലെ മുഖ്യപ്രതി. വിവാദമുണ്ടായ കാലത്ത് കോളേജിന്‍റെ ഡയറക്ടറായിരുന്നു ബെനറ്റ് എബ്രഹാം. അന്നത്തെ മെഡിക്കൽ കോളേജ് കൺട്രോളർ ഡോ. പി തങ്കരാജൻ, മുൻ പ്രിൻസിപ്പാൾ ഡോ. പി മധുസൂദനൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിൽ സിഎസ്ഐ ബിഷപ്പ് ധർമ്മരാജ് റസാലമടക്കമുള്ളവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷിക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ ശുപാർശ നൽകിയിരുന്നതാണ്.

സിഎസ്ഐ സഭയിൽ വലിയ പൊട്ടിത്തെറികളുണ്ടാക്കിയ സീറ്റ് ഇടപാടാണിത്. 24 പേരാണ് കാരക്കോണം മെഡിക്കൽ കോളേജിനെതിരെ ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷനെ നേരത്തെ സമീപിച്ചത്. 10 ലക്ഷം മുതൽ 50 ലക്ഷം വരെ കൈപ്പറ്റിയെന്നാണ് പരാതി. ബിഷപ്പ് അടക്കമുള്ളവരുടെ ഉറപ്പിന്മേലാണ് പണം നൽകിയതെന്നായിരുന്നു പരാതി. ഈ തുക തിരിച്ചുവാങ്ങി തരണമെന്നായിരുന്നു ആവശ്യം. 2016 മുതൽ മുൻകൂറായി സീറ്റിന് പണം വാങ്ങുന്നുണ്ടെന്നും ഇത് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തിയതായും തെളിവെടുപ്പിൽ നേരത്തെ ബിഷപ്പ് അടക്കമുള്ളവർ സമ്മതിച്ചിരുന്നു. പരാതിക്കാർക്ക് 12 തവണകളായി  തുക മടക്കി നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും അതുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കമ്മീഷൻ കർശനമായി ഇടപെട്ടതും, നടപടി ശുപാർശ ചെയ്തതും.

അഴിമതിയിൽ പങ്കാളിയായ ഡോ. ബെനറ്റ് എബ്രഹാമിനെ വീണ്ടും ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയതിനെതിരെയും സിഎസ്ഐ സഭയിൽ വൻ കലഹമുണ്ടായിരുന്നതാണ്. കോഴപ്പണം സൂക്ഷിച്ച അക്കൗണ്ട് ബിഷപ്പിന്‍റെ പക്ഷം മോഷ്ടിച്ചുവെന്നടക്കം ആരോപണങ്ങളുയരുകയും ചെയ്തിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ വെറുതെ വിട്ടതിനെ കുറിച്ച് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, 'വിധിന്യായം പഠിക്കും, തെളിവുകളുടെ അപാകത പരിശോധിക്കും'
നടിയെ ആക്രമിച്ച കേസ്: 'രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുന്നു, വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്': അഡ്വക്കേറ്റ് ടി ബി മിനി