Latest Videos

കൊച്ചിയിലെയും തൃശൂരിലെയും വെളളക്കെട്ട്: സർക്കാരിനും കോർപ്പറേഷനും മുന്നറിയിപ്പുമായി ഹൈക്കോടതി

By Web TeamFirst Published Aug 14, 2020, 5:36 PM IST
Highlights

കൊച്ചി , തൃശൂർ നഗരങ്ങളിലെ വെളളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കാത്ത സർക്കാരിനും കോ‍ർപറേഷനുമെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി.

എറണാകുളം: കൊച്ചി , തൃശൂർ നഗരങ്ങളിലെ വെളളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കാത്ത സർക്കാരിനും കോ‍ർപറേഷനുമെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിലെ വെളളക്കെട്ട് പരിഹരിക്കാൻ കോർപ്പറേഷന് താൽപര്യമില്ലേയെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചു. തൃശൂർ നഗരത്തിലെ വെളളക്കട്ട് പരിഹരിക്കാൻ നടപടിയെടുക്കാത്ത സ‍ർക്കാരിനെതിരെ കോടതിലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊച്ചി നഗരത്തിലെ വെളളക്കെട്ട് പരിഹരിക്കുന്നതിന് സർക്കാരിന്‍റെ പ്രവ‍ർത്തനങ്ങളുമായി കോർപ്പറേഷൻ സഹകരിക്കുന്നില്ലെന്നാണ് ഹൈക്കോടതിയുടെ പ്രധാന വി‍മർശനം. കോടതിയാവശ്യപ്പെട്ട രേഖകൾ പോലും ഹാജരാക്കാൻ നഗരസഭയ്ക്ക് കഴിയുന്നില്ല. ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നതെന്നും കോടതി ചോദിച്ചു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെടുന്ന ഹർജികളിൽ കളക്ടറുടേയും നഗരസഭാ സെക്രട്ടറിയുടേയും സൂപ്രണ്ടിങ് എഞ്ചിനിയറുടേയും റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമർശനം. 

നഗരസഭാ സെക്രട്ടറി തങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് നഗരസഭാ കൗൺസിൽ നിയോഗിച്ച അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിശദമായ സത്യവാങ്മൂലം സമ‍ർപ്പിക്കാൻ സെക്രട്ടറിയോട് കോടതി നിർദേശിച്ചു. ഇതിനിടെ തൃശൂരിലെ വെളളക്കെട്ട് പരിഹരിക്കുന്നതിന് ഹൈക്കോടതി പുറപ്പെടുവിച്ച മുൻ ഉത്തരവുകൾ നടപ്പാക്കാത്തതിനെതിരെയാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. 

നടപടിയെടുത്തില്ലെങ്കിൽ കോടതിലക്ഷ്യ നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന മുന്നറിയിപ്പും അഡിഷണൽ ചീഫ് സെക്രട്ടറി ടികെ ജോസിന് നൽകിയിട്ടുണ്ട്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ സർക്കാരിന് കഴിയുമോയെന്നും കോടതി ചോദിച്ചു. 

കോടതി ഉത്തരവുകൾ ഫയലുകളിലെ കുറിപ്പുകളായി മാറുകയാണ്. സാധാരണക്കാരനായി മാറിക്കഴിഞ്ഞാൽ ന്യായാധിപനും സർക്കാർ അഭിഭാഷകനുമെല്ലാം അഭയം തേടേണ്ടത് കോടതിയെ ആണെന്ന് മറക്കരുതെന്നും സിംഗിൾ ബെഞ്ച് ഓർമിപ്പിച്ചു. തൃശൂരിലെ വെളളക്കെട്ട് പരിഹരിക്കുന്നതിന് കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കാൻ രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന സർക്കാർ അപേക്ഷയും കോടതി നിരസിച്ചു.

click me!