Latest Videos

വിശ്വാസം നേടി കോൺഗ്രസ്, രാജസ്ഥാൻ വിശ്വാസ വോട്ടെടുപ്പിൽ ഗെലോട്ട് സര്‍ക്കാരിന് വിജയം

By Web TeamFirst Published Aug 14, 2020, 4:43 PM IST
Highlights

ബിജെപി ശ്രമങ്ങളെ പരാജയപ്പെടുത്തി എന്ന് സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. താനുന്നയിച്ച വിഷയങ്ങൾ പരിഹരിക്കുമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ടെന്നും സച്ചിൻ വ്യക്തമാക്കി. 

ദില്ലി: രാജസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് താൽക്കാലിക ശമനം. അശോക് ഗെഹ്ലോട്ട് സർക്കാർ, വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു.  200 അംഗ നിയമസഭയിൽ ‍101 പേരുടെ ഭൂരിപക്ഷമാണ് സർക്കാരിന് വേണ്ടിയിരുന്നത്. 107 എംഎൽഎമാരുടെ പിന്തുണയോടെയാണ് കോൺഗ്രസ് വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചത്. ബിഎസ്പി എംഎൽഎമാരും ഗലോട്ടിന് വോട്ടു ചെയ്തു. സഭ 21 വരെ പിരിഞ്ഞു. ബിജെപി ശ്രമങ്ങളെ പരാജയപ്പെടുത്തി എന്ന് സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. താനുന്നയിച്ച വിഷയങ്ങൾ പരിഹരിക്കുമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ടെന്നും സച്ചിൻ വ്യക്തമാക്കി.കഴിഞ്ഞ ഒരു മാസത്തെ പ്രതിസന്ധിക്കൊടുവിൽ രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം. രാഷ്ട്രീയ പ്രതിസന്ധികളും റിസോര്‍ട്ട് നാടകങ്ങള്‍ക്കും ഒടുവിലാണ് അശോക് ഗെലോട്ടിന്‍റെ കോൺഗ്രസ് സര്‍ക്കാര്‍ വിശ്വാസം നേടിയത്. 

അശോക് ഗലോട്ട് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ യുവ മുഖമായ സച്ചിൻ പൈലറ്റ് രംഗത്തെത്തിയതോടെയാണ് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. 19 എംഎൽഎമാരും സച്ചിനൊപ്പം പോയി. സച്ചിൻ പൈലറ്റിനെ തങ്ങള്‍ക്കൊപ്പം കൂട്ടാൻ ബിജെപിയും കളത്തിലിറങ്ങിയതോടെ രാജസ്ഥാനിലും റിസോര്‍ട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങി. കേസ് കോടതി കയറിയെങ്കിലും പ്രതിസന്ധികള്‍ക്കൊടുവിൽ ബിജെപിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി സച്ചിൻ കോൺഗ്രസ് പാളയത്തിലേക്ക് തന്നെ മടങ്ങി.

അശോക് ഗലോട്ടിൻറെ വീട്ടിലെത്തി സച്ചിൻ ചര്‍ച്ച നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൻറെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ഭിന്നത മറന്ന് മുന്നോട്ടു പോകുമെന്ന് പിന്നാലെ ഇരുവരും അറിയിച്ചു. പിന്നീട് സച്ചിൻ ക്യാംപിലുണ്ടായിരുന്നവർ കൂടി പങ്കെടുത്ത നിയമസഭകക്ഷി യോഗം ചേർന്നു. അശോക് ഗലോട്ടിൻറെ നേത്യത്വത്തിൽ മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ച നിയമസഭ കക്ഷി ബിജെപി നീക്കങ്ങളെ പരാജയപ്പെടുത്തുമെന്ന പ്രമേയം പാസാക്കി. ഒടുവിൽ ബിജെപി നീക്കങ്ങളെ ചെറുത്ത് കോൺഗ്രസ് സര്‍ക്കാര്‍ നിയമസഭയിൽ വിശ്വാസം നേടി. 

click me!