
കൊച്ചി: മൊബൈൽ ഫോൺ മോഷണമാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് (Pink Police) എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥയ്ക്ക് എതിരെ ആഞ്ഞടിച്ച് ഹൈക്കോടതി (kerala high court). കുട്ടിയെ വിചാരണ നടത്തിയ വീഡിയോ ഹൈക്കോടതി പരിശോധിച്ചു. ദൃശ്യങ്ങൾ മനസിനെ അസ്വസ്ഥമാക്കുന്നുവെന്നും കോടതി പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥ ഒരു സ്ത്രീ അല്ലേ എന്ന് കോടതി ചോദിച്ചു. ഇങ്ങനെ ആണോ പെരുമാറേണ്ടത്. ഫോണിൻ്റെ വില പോലും കുട്ടിയുടെ ജീവന് കൽപിച്ചില്ല. പൊലീസുകാരി അപ്പോൾ മാപ്പ് പറഞ്ഞെങ്കിൽ അന്ന് പ്രശ്നം തീർന്നേനെ എന്നും കോടതി പറഞ്ഞു. സംഭവത്തിൽ ഡിജിപിയോട് കോടതി റിപ്പോർട്ട് അവശ്യപ്പെട്ടു. പൊലീസുകാരിയെ സ്ഥലം മാറ്റിയതിന്റെ കാരണം വ്യക്തമാക്കണം. കുട്ടിയുടെ ചികിത്സ വിവരങ്ങൾ സീൽ ചെയ്ത കവറിൽ നൽകാനാണ് നിർദേശം. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും കോടതി വിമര്‍ശിച്ചു.
സംഭവം നീതികരിക്കാനാകാത്തതാണ്. ആളുകളുടെ നിറവും വസ്ത്രവും നോക്കിയാണ് ചിലപ്പോൾ പൊലീസ് പെരുമാറുന്നത്. വിദേശത്തായിരുന്നു ഈ സംഭവമെങ്കിൽ കോടികൾ നഷ്ട പരിഹാരം കൊടുക്കേണ്ടി വന്നേനെ. കുട്ടിക്ക് പൊലീസിനോടുള്ള പേടി ജീവിത കാലം മാറുമോ എന്നും കോടതി ആശങ്കപ്പെട്ടു. വീഡിയോ കണ്ടത് കൊണ്ട് ഇക്കാര്യം മനസിലായി. ഇത് പോലെ എത്ര സംഭവം നടന്നു കാണുമെന്നും കോടതി ചോദിച്ചു.
എന്ത് തരം പിങ്ക് പൊലീസാണിത്. എന്തിനാണ് ഇങ്ങനെ ഒരു പിങ്ക് പൊലീസ് എന്നും കോടതി ചോദിച്ചു. കാക്കി ഇല്ലെങ്കിൽ ഉദ്യോഗസ്ഥക്ക് അടി കിട്ടുമായിരുന്നു. കുട്ടിയുടെ കരച്ചിൽ വേദന ഉണ്ടാക്കുന്നു എന്നും കോടതി പറഞ്ഞു. കേസ് ഡിസംബർ 7ന് വീണ്ടും പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam