'നിയമസഭയിൽ ഡെസ്‌കിന് മുകളിൽ കയറി നിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നതെന്നായിരുന്നു സതീശന്റെ പരിഹാസം'

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ വ്യക്തി അധിക്ഷേപം നടത്തിയ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്. മന്ത്രിയെ പൊതുമധ്യത്തിൽ അപമാനിച്ചതിൽ നടപടി വേണമെന്നാണ് ആവശ്യം. സിപിഎം എംഎൽഎ വി ജോയ് ആണ് പരാതി നൽകിയത്. 

മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ ചില പരാമർശങ്ങളാണ് നോട്ടീസിന് ആധാരം. 'നിയമസഭയിൽ ഡെസ്‌കിന് മുകളിൽ കയറി നിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നതെന്നായിരുന്നു സതീശന്റെ പരിഹാസം. എക്സൈസ് വകുപ്പായിരുന്നെങ്കിൽ ബോധമില്ലെന്ന് പറയാമായിരുന്നു, വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കാൻ ശിവൻകുട്ടി യോഗ്യനല്ല. നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്കിനു മുകളിൽ കയറി നിന്ന് അസംബന്ധം മുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് ക്ലാസ് എടുക്കാൻ വരുന്നത്. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് വി ശിവൻകുട്ടിയുടെ നിയമസഭയിലെ പ്രസംഗം. ഇത്രയും വിവരദോഷികളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മന്ത്രിസഭ കേരളത്തിന്റെ ചരിത്രത്തിലില്ലെന്നായിരുന്നു സതീശന്റെ വാക്കുകൾ. പരാമർശത്തിനെതിരെ വലിയ വിമർശനമുയർന്നു.