
പത്തനംതിട്ട: എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതിയുടെ ഉത്തരവ്. 'വാപുര സ്വാമി ' എന്ന പേരിലുള്ള ക്ഷേത്ര നിർമാണമാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് തടഞ്ഞത്. കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് മതിയായ അനുമതി വാങ്ങിയിട്ടില്ലെന്ന് എരുമേലി പഞ്ചായത്ത് അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ക്ഷേത്ര നിര്‍മാണം തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയത്.
പി ജോഷി എന്നയാളുടെ സ്ഥലത്തായിരുന്നു ക്ഷേത്ര നിര്‍മാണം. തിങ്കളാഴ്ച വാപുര സ്വാമിയുടെ ബാലാലയ പ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ താത്കാലികമായി നിര്‍ത്തിവെക്കാൻ പഞ്ചായത്തിന് ഹൈക്കോടതി നിര്‍ദേശം നൽകുകയായിരുന്നു. നിര്‍മാണം തടയുന്നതിന്‍റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് സംരക്ഷണം നൽകാൻ എരുമേലി പൊലീസിനും കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്.
സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടെങ്കിൽ എരുമേലി എസ്‍എച്ച്ഒ ജില്ല പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. നോര്‍ത്ത് പറവൂര്‍ സ്വദേശി കെകെ പത്മനാഭൻ നൽകിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ക്ഷേത്ര നിര്‍മാണവുമായി ബന്ധമില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.