കെഎസ്‍യു ജില്ലാ സെക്രട്ടറിക്കെതിരെ കാപ്പ ചുമത്തിയത് റദ്ദാക്കി ഹൈക്കോടതി

By Web TeamFirst Published Dec 6, 2022, 6:24 PM IST
Highlights

തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥിയാണ് ബുഷർ ജംഹർ. 180 ലേറെ ദിവസമായി ബുഷർ ജംഹർ വിയ്യൂർ ജയിലിൽ കഴിയുകയാണ്. ഇന്ന് തന്നെ നിയമ വിദ്യാർത്ഥിയെ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു.

കൊച്ചി: കെഎസ്‍യു ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചത് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് കെഎസ്‍യു ജില്ലാ സെക്രട്ടറി ബുഷർ ജംഹരിനെതിരെ ചുമത്തിയ കാപ്പയാണ് റദ്ദാക്കിയത്. ജംഹറിനെതിരെ ആരോപിച്ച കേസുകളിൽ കരുതൽ തടങ്കൽ ആവശ്യമില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും  കണ്ടെത്തിയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്‍റെ നടപടി. 

തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥിയാണ് ബുഷർ ജംഹർ. 2022 ജൂണ്‍ 27 നാണ് ബുഷർ ജംഹരിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പത്തിലേറെ കേസുകളിൽ പ്രതിയാണെന്നും സ്ഥിരം കുറ്റവാളിയാണെന്നും വ്യക്തമാക്കിയായിരുന്നു നടപടി. ഇത് ചോദ്യം ചെയ്ത് വിദ്യർത്ഥിയുടെ അമ്മ ജഷീല ടിഎം ആണ് ഹൈക്കോടതിയെ സമീപിച്ചത്. 180 ലേറെ ദിവസമായി ബുഷർ ജംഹർ വിയ്യൂർ ജയിലിൽ കഴിയുകയാണ്. നിലവിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ ആണ് ബുഷർ ജംഹർ. ബുഷർ ജംഹറിനെ ഇന്ന് തന്നെ മോചിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. ഇ മെയിൽ വഴി ജെയിൽ സൂപ്രണ്ടിന് ഉത്തരവ് അയക്കാനും കോടതി നിർദ്ദേശം നല്‍കി.

Also Read: വധശ്രമം, സംഘര്‍ഷം ; കെഎസ്‍യു ജില്ലാ സെക്രട്ടറി ഉൾപ്പടെ രണ്ടുപേരെ കോഴിക്കോട് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

tags
click me!