
കൊച്ചി: ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിൻ്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി. പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഉമ്മന്‍ചാണ്ടിയുടെ പേരിലായിരുന്നു സുനിലിന്റെ സത്യപ്രതിജ്ഞ. ഇതിനെതിരെ നൽകിയ പരാതിയിലാണ് ഹൈക്കോടതി സത്യപ്രതിജ്ഞ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിന് പിന്നാലെയാണ് കോടതി നടപടി.
തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി. 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയ കോടതി, അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഉത്തരവിട്ടു. നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സിപിഎം കൗൺസിലർ എസ് പി ദീപക്ക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അംഗങ്ങളെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ദൈവനാമത്തിലോ സഗൗരവമോ സത്യപ്രതിജ്ഞ ചെയ്യണമെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നുവെന്ന് കോടതി പറഞ്ഞു. ദൈവം എന്ന പദത്തിന്റെ വിപുലീകരണം ചട്ടത്തിൽ ഇല്ല. ഏത് ആചാരം പിന്തുടർന്നാലും എല്ലാവരും ഒരേ ദൈവത്തെയാണ് കാണുന്നതെന്നും കോടതി പറയുന്നു. കൗൺസിലർമാർ എന്ന നിലയിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾക്ക് മുൻസിപ്പാലിറ്റി നിയമപ്രകാരം സംരക്ഷണമുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. അതേസമയം, പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ കൗൺസിലർമാർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam