'അന്വേഷണം അവജ്ഞ ഉളവാക്കുന്നത്'; വാളയാര്‍ കേസില്‍ ലോക്കല്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

By Web TeamFirst Published Jan 6, 2021, 12:08 PM IST
Highlights

കാര്യക്ഷമത ഇല്ലാത്ത പൊലീസ് ഉദ്യോഗസ്ഥൻ സംസ്ഥാന പൊലീസിന് ഒന്നാകെ നാണക്കേട്. പ്രധാന കേസുകളുടെ അന്വേഷണത്തിലെ ഗൗരവതരമായ പാളിച്ചകൾ ഭരണസംവിധാനത്തോട് അവമതിപ്പ് ഉണ്ടാക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 
 

കൊച്ചി: വാളയാര്‍ കേസില്‍ ലോക്കല്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസിന്‍റെ പ്രാരംഭ ഘട്ടത്തിലെ അന്വേഷണം തന്നെ അവജ്ഞ ഉളവാക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. തുടക്കത്തിലേ പാളിച്ചകൾ മൂലം പിന്നീട് അന്വേഷണം ഏറ്റെടുത്ത ഡിവൈഎസ്‍പിക്ക് ഫലപ്രദമായി അന്വേഷണം നടത്താനായില്ല. കാര്യക്ഷമത ഇല്ലാത്ത പൊലീസ് ഉദ്യോഗസ്ഥൻ സംസ്ഥാന പൊലീസിന് ഒന്നാകെ നാണക്കേടാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം കേസുകൾ കാര്യക്ഷമമായി  കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണം. പ്രധാന കേസുകളുടെ അന്വേഷണത്തിലെ ഗൗരവതരമായ പാളിച്ചകൾ ഭരണസംവിധാനത്തോട് അവമതിപ്പ് ഉണ്ടാക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

വിചാരണ കൃത്യമായി നടത്തുന്നതിൽ ജഡ്ജി പരാജയപ്പെട്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു. പോക്സോ കോടതികളിലെ ജഡ്‍ജിമാര്‍ക്ക് പരിശീലനം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നൽകിയ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു. കേസില്‍ പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിട്ടു. കേസിന്‍റെ തുടർ അന്വേഷണത്തിന് വിചാരണ കോടതിയെ സമീപിക്കാം. പ്രോസിക്യൂഷൻ ഇതിനായി അപേക്ഷ നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംശയത്തിന്‍റെ അനുകൂല്യത്തിലാണ് പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ്‌ എന്നിവരെ പാലക്കാട്‌ പോക്സോ കോടതി നേരത്തെ വെറുതെ വിട്ടത്. എന്നാൽ, കേസ് അന്വേഷിച്ച പൊലീസിന്‍റെയും കേസ് നടത്തിയ പ്രോസിക്യൂഷെന്‍റെയും ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകൾ ആണ് പ്രതികളെ വെറുതെ വിടാൻ കാരണമായതെന്നായിരുന്നു സർക്കാർ വാദം. വേണ്ടിവന്നാൽ തുടർ അന്വേഷണത്തിനോ പുനർ അന്വേഷണത്തിനോ സർക്കാർ ഒരുക്കമാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണ കോടതിയ്ക്കും വീഴ്ച സംഭവിച്ചെന്നു സർക്കാർ വാദിച്ചു. കേസിൽ പൊലീസ് തുടക്കം മുതൽ പ്രതികൾക്ക് അനുകൂലമാക്കി കേസ് മാറ്റിയെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുടെ വാദം.

click me!