സിപിഐയില്‍ ചേരാനില്ല; അഭ്യൂഹങ്ങള്‍ തള്ളി കോവൂര്‍ കുഞ്ഞുമോന്‍

By Web TeamFirst Published Jan 6, 2021, 12:05 PM IST
Highlights

നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പ് ആര്‍എസ്പി ലെനിനിസ്റ്റിനെ ഘടകകക്ഷിയാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സിപിഎം നേതൃത്വത്തെ സമീപിക്കാനാണ് തീരുമാനം.
 

കൊല്ലം: ആര്‍എസ്പി ലെനിനിസ്റ്റ് സിപിഐയില്‍ ലയിക്കുന്നെന്ന അഭ്യൂഹങ്ങള്‍ തള്ളി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. സിപിഐയിലേക്ക് ആരും തന്നെ ക്ഷണിച്ചിട്ടില്ലെന്നും ക്ഷണിച്ചാലും സിപിഐയില്‍ ചേരില്ലെന്നും കോവൂര്‍ കുഞ്ഞുമോന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഔദ്യോഗിക ആര്‍എസ്പി എല്‍ഡിഎഫിലേക്ക് മടങ്ങിയെത്തണമെന്നും കുഞ്ഞുമോന്‍ ആവശ്യപ്പെട്ടു.

നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പ് ആര്‍എസ്പി ലെനിനിസ്റ്റിനെ ഘടകകക്ഷിയാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സിപിഎം നേതൃത്വത്തെ സമീപിക്കാനാണ് തീരുമാനം. ഘടകക്ഷിയാക്കിയില്ലെങ്കിലും ഇടതുമുന്നണിയില്‍ തുടരും. മുതിര്‍ന്ന സിപിഎം നേതാവും രാജ്യസഭ അംഗവുമായ സോമപ്രസാദിനെ മല്‍സരിപ്പിക്കാനായി കുന്നത്തൂര്‍ സീറ്റ് സിപിഎം ഏറ്റെടുത്തേക്കുമെന്ന ഇടതുമുന്നണിയിലെ അണിയറ വര്‍ത്തമാനവും കുഞ്ഞുമോന്‍ തള്ളി. 

കാഞ്ഞിരപ്പളളി സീറ്റ് ജോസ് കെ.മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസിനു വിട്ടുകൊടുത്താല്‍ പകരമായി കൊല്ലം ജില്ലയില്‍ ഒരു സീറ്റ് കൂടുതല്‍ ആവശ്യപ്പെടാനുളള തീരുമാനത്തിലാണ് സിപിഐ.  കോവൂര്‍ കുഞ്ഞുമോനെ സിപിഐയില്‍ ചേര്‍ത്ത് കുന്നത്തൂര്‍ അവര്‍ക്ക് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ സിപിഎമ്മിനും കാര്യമായ എതിര്‍പ്പില്ല. എന്നാല്‍ ഈ നീക്കത്തിന് വിരുദ്ധമാണ് കുഞ്ഞുമോന്റെ നിലപാട്.
 

click me!