
കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നത്തിൽ നഗരസഭയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ജില്ലാ ഭരണകൂടം ഇടപെടാത്തത് കൊണ്ടാണ് ഹൈക്കോടതി ഇടപെട്ടതെന്ന് പറഞ്ഞ കോടതി മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്നും ചോദിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ പ്രശംസിച്ച കോടതി ദൗത്യത്തിലേർപ്പെട്ട കളക്ടർ, പോലീസ് ഉദ്യോഗസ്ഥർ, കെഎസ്ഇബി ജീവനക്കാർ എന്നിവരെ അഭിനന്ദിക്കണമെന്നും പറയുകയുണ്ടായി.
അതിശക്ത മഴയാണ് വെള്ളക്കെട്ടിന് കാരണമെന്ന് കോർപ്പറേഷൻ വാദിച്ചപ്പോൾ മഴയാണ് കാരണമെങ്കിൽ തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ കോർപ്പറേഷന് സാധിക്കുമോയെന്ന് ചോദിച്ച കോടതി. പരിഹാരത്തിന് ജില്ലാ കളക്ടർ അധ്യക്ഷനായ സമിതി രൂപീകരിക്കട്ടെയെന്നും ആരാഞ്ഞു. കോടതിയുടെ ഈ തീരുമാനം അംഗീകരിക്കുന്നുവെന്ന് കോർപ്പറേഷൻ അറിയിച്ചു. കോർപ്പറേഷനെ കൊണ്ട് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.
കൊച്ചിയിലെ വെള്ളക്കെട്ട് 4മണിക്കൂർ കൊണ്ട് ഓപ്പറേഷൻ ബ്രേക് ത്രൂ നടപ്പാക്കിയപ്പോൾ പരിഹരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ കൊച്ചിയുടെ സ്ഥിതി എന്താകുമായിരുന്നു എന്ന് ചോദിച്ചു. 4 മണിക്ക് കോർപ്പറേഷനോട് പറഞ്ഞിട്ടും അവർ 8 മണി ആയിട്ടും ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തി. പ്രശ്നത്തിന് ഉടനെ പരിഹാരമുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ അറിയിച്ചു.
കോർപ്പറേഷന് ഒറ്റയ്ക്ക് കാര്യങ്ങൾ നടത്താൻ ആവില്ല എന്ന് സമ്മതിച്ചത് തന്നെ ഒരു വലിയ കാര്യം ആണെന്നു കോടതി പറഞ്ഞു. ഇപ്പോൾ എങ്കിലും സത്യം തുറന്ന് പറഞ്ഞല്ലോ എന്നായിരുന്നു കോടതിയുടെ പരിഹാസം. വേലിയേറ്റവും വെള്ളക്കെട്ടിന് കാരണമായെന്നും കോർപ്പറേഷൻ കോടതിയിൽ അറിയിക്കുകയുണ്ടായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam