ഫ്ലക്സുകള്‍ വ്യാപകം: പിഴ ഈടാക്കിയിരുന്നെങ്കില്‍ എന്നേ ഖജനാവ് നിറഞ്ഞേനെയെന്ന് ഹൈക്കോടതി

By Web TeamFirst Published Feb 18, 2020, 3:25 PM IST
Highlights

കൊച്ചി കമ്മീഷണറുടെ വീടിന് മുമ്പില്‍ വരെ കൊടികളാണ്. കൊടുങ്ങല്ലൂര്‍ ഭാഗത്ത് ഡിവൈഎഫ്ഐയുടെ കൊടികള്‍ കാരണം ആളുകള്‍ക്ക് നടക്കാൻ പോലും സാധിക്കുന്നില്ലെന്നും കോടതി.

കൊച്ചി: അനധികൃത ഫ്ലക്സ് ബോര്‍ഡുകള്‍ പെരുകുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഓരോ ഫ്ലക്സിനും പിഴ ഈടാക്കിയിരുന്നെങ്കില്‍ എന്നേ ഖജനാവ് നിറഞ്ഞേനെയെന്ന് കോടതി ചോദിച്ചു. എന്ത് കൊണ്ട് പിഴ ഈടാക്കുന്നില്ലെന്ന് സര്‍ക്കാര്‍ മറ്റന്നാള്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

കൊച്ചി കമ്മീഷണറുടെ വീടിന് മുമ്പില്‍ വരെ കൊടികളാണ്. കൊടുങ്ങല്ലൂര്‍ ഭാഗത്ത് ഡിവൈഎഫ്ഐയുടെ കൊടികള്‍ കാരണം ആളുകള്‍ക്ക് നടക്കാൻ പോലും സാധിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. അതേസമയം, ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് പൊലീസ് സ്റ്റേഷനിലേക്ക് സര്‍ക്കുലര്‍ അയച്ചതായി ഡിജിപി കോടതിയെ അറിയിച്ചു.

അനധികൃത ബോര്‍ഡുകള്‍ മാറ്റാൻ സര്‍ക്കുലര്‍ ഇറക്കിയതായി റോഡ് സുരക്ഷ അതോറിറ്റി കമ്മീഷണറും കോടതിയില്‍ വ്യക്തമാക്കി. ഫ്ലക്സ് നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകൾ കർശനമായി നടപ്പാക്കണമെന്നും റോഡ് അപകടങ്ങൾക്ക് കാരണമാകുന്ന ഫ്ലക്സുകളും ബോർഡുകളും ഉടന്‍ മാറ്റണമെന്നും റോഡ് സുരക്ഷ അതോറിറ്റി കമ്മിഷണറുടെ സർക്കുലറില്‍ പറയുന്നു. ഹൈക്കോടതി നിർദേശ പ്രകാരം ആണ് ഡിജിപിയും റോഡ് സുരക്ഷ കമ്മീഷണറും സർക്കുലർ ഇറക്കിയത്. 

click me!