മുനമ്പം മനുഷ്യക്കടത്ത്; രാജ്യരഹസ്യങ്ങൾ കടത്തിയിട്ടില്ലെന്ന് ഉറപ്പുണ്ടോ? സ‍ർക്കാരിനോട് ഹൈക്കോടതി

Published : Mar 15, 2019, 02:49 PM IST
മുനമ്പം മനുഷ്യക്കടത്ത്; രാജ്യരഹസ്യങ്ങൾ കടത്തിയിട്ടില്ലെന്ന് ഉറപ്പുണ്ടോ? സ‍ർക്കാരിനോട് ഹൈക്കോടതി

Synopsis

മുനമ്പത്തേത് മനുഷ്യക്കടത്തല്ലെന്ന് എന്തടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് പറയുന്നതെന്നും കോടതി

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിന്‍റെ  അന്വേഷണം എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാത്തതെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണിതെന്നും രാജ്യ രഹസ്യങ്ങൾ പുറത്തു പോയിട്ടില്ലെന്ന് എന്തെങ്കിലും ഉറപ്പുണ്ടോയെന്നും കോടതി ചോദിച്ചു. 

നിലവിലെ അവസ്ഥയിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസിന് പരിമിതികൾ ഉണ്ട്. സംഭവം മനുഷ്യക്കടത്തല്ലെന്ന് എന്തടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് പറയുന്നതെന്നും കോടതി ചോദിച്ചു. ബോട്ടുടമ അനിൽകുമാറടക്കം രണ്ട് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമ‍ശം. 

മുനമ്പത്തേത് മനുഷ്യക്കടത്തല്ലെന്നും അനധികൃത കുടിയേറ്റമാണെന്നും കൊച്ചി റേഞ്ച് ഐ ജി വിജയ് സാഖറെ പറഞ്ഞിരുന്നു. കേസിൽ അന്വേഷണ സംഘം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്രതികൾക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ഫോറിനേഴ്സ് ആക്ട് തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

മുനമ്പം തീരത്തു നിന്ന് ഇക്കഴിഞ്ഞ ജനുവരി 12 ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെപ്പേരെ വിദേശത്തേക്ക് കടത്തിയ കേസിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ദയാമാത ബോട്ട് ഉടമകളിൽ ഒരാളായ കോവളം സ്വദേശി അനിൽ കുമാർ, ദില്ലിയിൽ താമസമാക്കിയ ശ്രീലങ്കൻ തമിഴ് വംശജരായ പ്രഭു പ്രഭാകരൻ, രവി സനൂപ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 

രവിയും പ്രഭുവും ആളുകളെ സംഘടിപ്പിക്കാനും പണം പിരിക്കാനും ഇടപെട്ടുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ആളുകളെ കൊണ്ടുപോകാൻ ഉപയോഗിച്ച ബോട്ട് അനിൽകുമാറിന്‍റെ പേരിലാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന്‌ പിന്നിൽ എൽടിടിഇ ബന്ധമുണ്ടോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞിരുന്നു. ഇതിനിടെ 2013 ലും മുനമ്പത്ത് നിന്ന് 70 പേരെ ആസ്ത്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് കടത്തിയതായി പ്രഭു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ