നവകേരള സദസിനേറ്റ തിരിച്ചടികൾ; ഹൈക്കോടതി വടിയെടുത്തത് പലതവണ, തലയൂരി സർക്കാർ

Published : Dec 23, 2023, 06:29 AM IST
നവകേരള സദസിനേറ്റ തിരിച്ചടികൾ; ഹൈക്കോടതി വടിയെടുത്തത് പലതവണ, തലയൂരി സർക്കാർ

Synopsis

നവകേരളസദസിനെ വിമർശിച്ചവരെ വാക്കുകൊണ്ടും പരസ്യമായി പ്രതിഷേധിച്ചവരെ ലാത്തികൊണ്ടും സർക്കാർ ഒതുക്കിയെങ്കിലും കോടതിമുറികളിൽ പലപ്പോഴും ഉത്തരം മുട്ടി. നഗരസഭകളിൽ നിന്നും പഞ്ചായത്തുകളിൽ നിന്നും പണം നൽകാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാരോട് ഉത്തരവിട്ടതാണ് ആദ്യം ചോദ്യം ചെയ്യപ്പെട്ടത്.

കൊച്ചി: നവകേരള സദസിനിറങ്ങിയ സർക്കാരിന് കഴിഞ്ഞ ഒരുമാസത്തിനുളളിൽ നിരവധി തിരിച്ചടികളാണ് ഹൈക്കോടതിയിൽ നിന്ന് ഏൽക്കേണ്ടിവന്നത്. പണപ്പിരിവുമുതൽ നവകേരള വേദിവരെ പല ബെഞ്ചുകളിലായി ചോദ്യം ചെയ്യപ്പെട്ടു. തലനാരിഴയ്ക്കാണ് കടുത്ത വിമർശനങ്ങളിൽ നിന്ന് പലപ്പോഴും സർക്കാർ തത്രപ്പെട്ട് തലയൂരിയത്.

നവകേരളസദസിനെ വിമർശിച്ചവരെ വാക്കുകൊണ്ടും പരസ്യമായി പ്രതിഷേധിച്ചവരെ ലാത്തികൊണ്ടും സർക്കാർ ഒതുക്കിയെങ്കിലും കോടതിമുറികളിൽ പലപ്പോഴും ഉത്തരം മുട്ടി. നഗരസഭകളിൽ നിന്നും പഞ്ചായത്തുകളിൽ നിന്നും പണം നൽകാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാരോട് ഉത്തരവിട്ടതാണ് ആദ്യം ചോദ്യം ചെയ്യപ്പെട്ടത്. ഇത് ചോദ്യം ചെയ്യപ്പെട്ടതോടെ കൗൺസിൽ അംഗീകാരം ഇല്ലാതെ നയാപൈസ നൽകരുതെന്ന് കോടതിയിൽ നിന്ന് ഉത്തരവ് വന്നു. നവകേരള സദസിനായി സ്കൂൾ ബസുകൾ വിട്ടു നൽകണമെന്ന നി‍ർദേശത്തിനാണ് കോടതിയിൽ സർക്കാരിന് രണ്ടാമത് തിരിച്ചടിയേറ്റത്. സ്കൂൾ ബസുകൾ വിദ്യാ‍ർഥികൾക്ക് പഠനാവശ്യത്തിന് പോകാനുളളതാണെന്ന് കോടതി കടുത്ത നിലപാടെടുത്തതോടെ സർക്കാരിന് ഉത്തരം മുട്ടി. തിരുവിതാംകൂ‍ർ ദേവസ്വം ബോർഡിന് കീഴിലുളള ക്ഷേത്ര പരിസരത്ത് നവകേരള സദസ് നടത്താനുളള സർക്കാർ തീരുമാനമാണ് പിന്നീട് ചോദ്യം ചെയ്യപ്പെട്ടത്. ഇതിലും പിണറായി വിജയനും കൂട്ടർക്കും കൈപൊളളി. കൊല്ലം ചക്കുവളളി ക്ഷേത്രത്തിലെ പന്തൽ അഴിക്കാനുളള ഉത്തരവ് വന്നതോടെ കാര്യങ്ങൾ പന്തിയല്ലെന്ന് സർക്കാരിനും മനസിലായി. ഇതോടെ കൊല്ലത്തെതന്നെ രണ്ടു ക്ഷേത്ര പരിസരത്തെ പരിപാടി രായ്ക്കാരാമനം മറ്റൊരിടത്തേക്ക് മാറ്റി. തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലും നവകേരള സദസ് സംഘടിപ്പിക്കാനുളള നീക്കത്തിന് തിരിച്ചടിയേറ്റു. സ്കൂൾ മതിലുകൾ പൊളിച്ച് പിണറായിക്ക് വഴിയൊരുക്കിയതിലും കോടതിയുടെ നാവിന്‍റെ ചൂടറിഞ്ഞു. നവകേരള സദസിന്‍റെ പേരിലുളള പണപ്പിരിവ് ചോദ്യം ചെയ്തും ഹൈക്കോടതിയിൽ ഹർജിയെത്തി. പണപ്പിരിവില്ലെന്നം സ്പോൺസർഷിപ്പാണെന്നും വ്യക്തതവരുത്തിയാണ് അന്ന് സർക്കാർ തലയൂരിയത്.

പ്രതിഷേധങ്ങൾക്കിടെ നവകേരള സദസ്സിന് ഇന്ന് സമാപനം; ഡിജിപി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാർച്ച്, ന​ഗരത്തിൽ കനത്ത സുരക്ഷ

അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപിക്കും. കാസർഗോ‍ഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ മാസം 18ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. സമാന ദിവസമായ ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഉണ്ടായേക്കും. 

https://www.youtube.com/watch?v=Ko18SgceYX8
 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം