പത്രിക തളളൽ; കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഹര്‍ജികള്‍ നാളത്തേക്ക് മാറ്റി

By Web TeamFirst Published Mar 21, 2021, 4:04 PM IST
Highlights

എതിർ സത്യവാങ്മൂലം സമ‍ർപ്പിക്കാൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തലശ്ശേരിയിലെ കോൺഗ്രസ് സ്ഥാനാ‍നാർത്ഥി പി വി അരവിന്ദാക്ഷൻ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്

കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. ഫലപ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് ഹർജിയിലൂടെ മാത്രമേ തെരഞ്ഞെടുപ്പിൽ ഇടപെടാനാകൂ എന്ന് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. വിജ്ഞാപനം വന്ന ശേഷം കോടതി ഇടപെടരുന്നതിൽ തടസമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം. വിജ്ഞാപനം വന്ന ശേഷമുള്ള കോടതി ഇടപെടൽ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. 

നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ തലശ്ശേരിയിലെയും ഗുരുവായൂരിലെയും എൻഡിഎ സ്ഥാനാ‍ർത്ഥികള്‍ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. തലശ്ശേരിയിലെ എൻഡിഎ സ്ഥാനാ‍ർത്ഥിയുടെ പത്രിക തള്ളിയതിരെതിരെ നല്‍കിയ ഹര്‍ജിയില്‍ എതിർ സത്യവാങ്മൂലം സമ‍ർപ്പിക്കാൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തലശ്ശേരിയിലെ കോൺഗ്രസ് സ്ഥാനാ‍നാർത്ഥി പി വി അരവിന്ദാക്ഷൻ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്.  

നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ദേവികുളത്തെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ആർ എം ധനലക്ഷ്മിയും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. സ്വന്തം നിലയ്ക്ക് കേസ് നൽകുമെന്ന് ധനലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാളെ ഹൈക്കോടതിയിൽ കേസ് നൽകും. ഇതിനുള്ള നടപടിക്രമങ്ങൾ പുർത്തിയാക്കിക്കഴിഞ്ഞു. സാങ്കേതികത്വം കാണിച്ച് പത്രിക നിരസിച്ചതിന് പിന്നിൽ സി പി എമ്മും കോൺഗ്രസുമാണെന്നും ധനലക്ഷ്മി ആരോപിച്ചു. എഐഎഡിഎംകെ അം​ഗമാണ് ധനലക്ഷ്മി. 

ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയതിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ പ്രതികരിച്ചു. കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകും എന്നാണ് പ്രതീക്ഷ. കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ ശബരിമല ആചാര സംരക്ഷണത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും ശബരിമല വിഷയത്തിൽ കോൺഗ്രസിന്റേത് പൊള്ളയായ നിലപാടാണെന്നും തേജസ്വി സൂര്യ പറഞ്ഞു. നിയമ നിർമാണം നടത്തേണ്ടത് കേന്ദ്രസർക്കാരല്ലെന്നും ശബരിമല സംസ്ഥാന വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!