
കൊച്ചി: അപകടാവസ്ഥയിലായ ആർമി ടവറിലെ നിലവിലെ ഏക താമസക്കാരനായ സിബി ജോർജിന് വാടകയും വീട് മാറ്റ ചെലവും നൽകാൻ ജില്ലാ കളക്ടർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്ല്യു.എച്ച്.ഒ) നിർമിച്ച ആർമി ടവർ കെട്ടിടം അതീവ ദുർബലാവസ്ഥയിലായ സാഹചര്യത്തിലാണ് നീതി തേടി അദ്ദേഹം കോടതിയെ സമീപിച്ചത്.
എ.ഡബ്ള്യു.എച്ച്.ഒ നിർമിച്ച് ഏഴ് വർഷം മുൻപ് കൈമാറിയ സി. ടവറിലെ എല്ലാ ഉടമകൾക്കും 35000 രൂപ വീതം ആറ് മാസത്തെ വാടകയും 30000 രൂപ ചെലവും നൽകാൻ സെപ്തംബർ 10ന് ഹൈക്കോടതി ഉത്തരവായിരുന്നു. കോടതി അലക്ഷ്യ ഹർജി നൽകിയതിന് ശേഷമാണ് റിട്ട.കേണൽ സിബി ജോർജിന് ഡിസംബർ രണ്ടിന് മൂന്ന് മാസത്തെ വാടക മാത്രം നൽകിയത്.
പണം ലഭിക്കുന്നതിനായി കാത്തിരിക്കാതെ താമസം മാറ്റണമെന്നും ഹർജിക്കാരനോട് കോടതി നിർദേശിച്ചു. എപ്പോൾ വേണമെങ്കിലും തകർന്ന് വീഴാവുന്ന, അടിയന്തരമായി ഒഴിപ്പിക്കണമെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ ഉത്തരവുള്ള കെട്ടിടത്തിൽ സിബി ജോർജും കുടുംബവും മാത്രമാണ് നിലവിൽ താമസം.
ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിക്കാണ് ടവറുകളിലെ താമസക്കാരെ ഒഴിപ്പിച്ച് ഇവ പൊളിച്ചുമാറ്റി പുതിയ ടവറുകൾ നിർമ്മിച്ച് കൈമാറാനുള്ള ചുമതല. അത്രയും കാലം എ.ഡബ്ള്യു.എച്ച്.ഒ വാടക നൽകണം. സിബി ജോർജിന് നൽകാനുള്ള മൂന്ന് മാസത്തെ വാടകയും വീട് മാറ്റത്തിനുള്ള ചെലവും രണ്ട് ആഴ്ചയ്ക്കകം കൈമാറണമെന്ന് കോടതി വ്യക്തമാക്കി. നിർദേശം പാലിക്കാത്ത പക്ഷം ജില്ലാ കളക്ടർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും ജസ്റ്റിസ് കെ. നടരാജനും ജസ്റ്റിസ് ജോൺസൺ ജോണും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഇതിന് മുൻപ്, ടവറിലെ എല്ലാ ഉടമകൾക്കും ആറ് മാസത്തേക്ക് മാസം 35,000 രൂപ വീതം വാടകയും 30,000 രൂപ വീട് മാറുന്നതിനുള്ള ചെലവും നൽകണമെന്ന് സെപ്റ്റംബർ 10ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാലിത് നടപ്പാക്കുന്നതിൽ വീഴ്ച വന്നതിനെ തുടർന്നാണ് കോടതിയലക്ഷ്യ ഹർജികൾ സമർപ്പിച്ചത്. പണം കൈമാറാൻ എ.ഡബ്ള്യു.എച്ച്.ഒയ്ക്ക് കത്ത് നൽകിയിട്ടും മറുപടി ലഭിച്ചിരുന്നില്ലെന്ന് ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു.
ഹൈക്കോടതി നിർദേശം നടപ്പാക്കാനുള്ള പൂർണ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനാണെന്ന് കോടതി വ്യക്തമാക്കി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കാണ് ടവറുകളിലെ എല്ലാ താമസക്കാരെയും ഒഴിപ്പിച്ച് പുതിയ ടവറുകൾ നിർമിച്ച് കൈമാറാൻ ചുമതല. ഇതിനുള്ള ചെലവ് എ.ഡബ്ല്യു.എച്ച്.ഒ തന്നെ വഹിക്കണമെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam