തൃക്കാക്കര നഗരസഭയിലെ പ്രതിഷേധം; ചെയർപേഴ്സണ് സംരക്ഷണം നൽകാത്തതിൽ വിശദീകരണം തേടി ഹൈക്കോടതി, പൊലീസിന് നോട്ടീസ്

By Web TeamFirst Published Sep 3, 2021, 11:39 AM IST
Highlights

ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് പണം നൽകി എന്ന ആരോപണത്തിൽ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും.

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ചെയർപേഴ്സണ് സംരക്ഷണം നൽകാത്തതിൽ വിശദീകരണം ചോദിച്ചാണ് നോട്ടീസ്. അതേസമയം, നഗരസഭയിൽ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. പ്രതിഷേധത്തില്‍ നിന്ന് പിൻമാറില്ലെന്ന് സമരക്കാരുടെ നിലപാട്. നഗരസഭ സെക്രട്ടറിയുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ കൗൺസിലർമാർ റീത്തു വെച്ച് പ്രതിഷേധം. സെക്രട്ടറി ഒളിവിലാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് പണം നൽകി എന്ന ആരോപണത്തിൽ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ചെയർപേഴ്സന്റെ ചേംബറിന് മുൻപിൽ കൗൺസിലർമാരുടെ ഉപരോധം ഇന്നും തുടരുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അധ്യക്ഷയെ ചേംബറിൽ കടത്തില്ലെന്നാണ് ഇവരുടെ നിലപാട്. നഗരസഭാ ഓഫീസിലേക്ക് ഡിവൈഎഫ്ഐ രാവിലെ  പ്രതിഷേധ മാർച്ച് നടത്തും. അതേസമയം, ഭരണപക്ഷ കൗൺസിലർമാർ ഇന്ന് ഉച്ചയ്ക്ക് ശേഷം നഗരസഭയിൽ അനൗദ്യോഗിക യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ചെയർപേഴ്സൺ അജിത് തങ്കപ്പന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. പണക്കിഴി ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഭരണസമിതി കോടതിയെ സമീപിച്ചിട്ടില്ല. ഇക്കാര്യം ഉൾപ്പെടെ യോഗത്തിൽ ചർച്ച ആകും.

Also Read: തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി; 18 കൗൺസിലർമാർക്കെതിരെ പൊലീസ് കേസെടുത്തു

നഗരസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ എല്ലാ കൗൺസിലർമാരും ആശുപത്രി വിട്ടു. ഇതിനിടെ പണക്കിഴി വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്താമെന്ന വിജിലൻസ് റിപ്പോർട്ടിൽ വിജിലൻസ് ഡയറക്ടറുടെ മറുപടി ഇതുവരെ കൊച്ചി വിജിലൻസ് യൂണിറ്റിന് ലഭിച്ചിട്ടില്ല ,നഗരസഭാ ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനക്ക് ശേഷമാണ് അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്. പ്രാഥമിക അന്വേഷണത്തിനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കും.

click me!