നിലയ്ക്കൽ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും ഭാര്യയുടെയും 40.48 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 2018-19 സീസണിൽ വ്യാജ ബില്ലുകൾ ചമച്ച് 59.98 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടപടി

പത്തനംതിട്ട: നിലയ്ക്കൽ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ ജയപ്രകാശിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കൾ താത്കാലികമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്. 2018-19 മണ്ഡല മകരവിളക്ക് തീർഥാടന കാലയളവിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ഇ ഡി അന്വേഷണം തുടരുന്നതിനിടെയാണ് സ്വത്ത് കണ്ടുകെട്ടൽ നടപടിയിലേക്കും കടന്നത്. വ്യാജ ബില്ലുകൾ ചമച്ച് ദേവസ്വം ഫണ്ടിൽ നിന്ന് 59.98 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. പച്ചക്കറിയും മറ്റ് അവശ്യസാധനങ്ങളും വാങ്ങിയതായി വ്യാജ രേഖകൾ ഉണ്ടാക്കിയാണ് തിരിമറി നടത്തിയത്. ദേവസ്വം ബോർഡിന് ലഭിക്കേണ്ട വലിയൊരു തുക ഇത്തരത്തിൽ പ്രതികൾ സ്വന്തമാക്കിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് ആദ്യം പൊലീസ് അന്വേഷണം നടന്നിരുന്നു. ഇതിന് ശേഷമാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ ഡി കേസ് ഏറ്റെടുത്തത്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് വിവരം.

Add Asianetnews as a Preferred SourcegooglePreferred

YouTube video player

സ്വർണ്ണക്കൊള്ളയിൽ പുതിയ പോർമുഖം

നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ശബരിമല സ്വർണ്ണക്കൊള്ളയിൽ പുതിയ പോർമുഖം തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് കെ സി വേണുഗോപാലെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ ആരോപണം. 2004 ൽ ദേവസ്വം മന്ത്രിയായിരുന്ന കോൺഗ്രസ് അഖിലേന്ത്യ നേതാവെന്നായിരുന്നു പോറ്റിയെ കേറ്റിയത് എന്നായിരുന്നു പത്തനംതിട്ടയിൽ എൽ ഡി എഫ് മധ്യമേഖല ജാഥ ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞുവച്ചത്. എന്നാൽ പ്രതികളെ സംരക്ഷിക്കുന്നത് ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അമ്പലക്കള്ളമാരെ അകത്താക്കുമെന്നും കെ സി വേണുഗോപാലും തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്റെ പുതുയുഗ യാത്ര കാസർകോട് കുമ്പളയിൽ ഉദ്ഘാടനം ചെയ്യവെയായിരുന്നു കെ സിയുടെ തിരിച്ചടി.