ഈ മാസം 23 വരെ അറസ്റ്റ് തടഞ്ഞ് കോടതി: ശിവശങ്കർ ഇഡി ഓഫീസിൽ ഹാജരായി

By Web TeamFirst Published Oct 15, 2020, 11:17 AM IST
Highlights

2016 മുതലുള്ള  വിദേശ യാത്രയുടെ രേഖകളുമായി ഹാജരാകാൻ എൻഫോഴ്സ്മെന്‍റ് നോട്ടീസ് നൽകിയതിന് പിറകെയാണ് എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹ‍ർജി നൽകിയത്.

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് ഈമാസം 23 വരെ തടഞ്ഞ് ഹൈക്കോടതി.  ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ട് പിറകെ ചോദ്യം ചെയ്യലിനായി എം ശിവശങ്കർ എൻഫോഴസ്മെന്‍റിന് മുന്നിൽ ഹാജരായി. ഇതിനിടെ സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷും, സരിതും എൻഐഎ കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു.    

2016 മുതലുള്ള  വിദേശ യാത്രയുടെ രേഖകളുമായി ഹാജരാകാൻ എൻഫോഴ്സ്മെന്‍റ് നോട്ടീസ് നൽകിയതിന് പിറകെയാണ് എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹ‍ർജി നൽകിയത്. 100 ദിവസത്തിലേറെയായി അന്വേഷണവുമായി സഹകരിക്കുകയാണെന്നും വീണ്ടും ഹാജരായാൽ അറസ്റ്റ് ചെയ്യാൻ അനുവദിക്കരുതെന്നും ശിവശങ്കറിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ നിലവിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഇഡിയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു കോടതിയെ അറിയിച്ചു.

വലിയ അളവിൽ സ്വർണ്ണം കടത്തിയ കേസാണ് വലിയ സ്വാധീനമുള്ളവരുടെ പങ്കാളിത്തവും ഇടപെടലും കേസിലുണ്ടെന്നും എഎസ്ജി കോടതിയെ അറിയിച്ചു. കേസിൽ വിശദമായ റിപ്പോർട്ട് നൽകാൻ കൂടുതൽ സാവകാശം അനുവദിക്കണമെന്ന ഇഡി അപേക്ഷ പരിഗണിച്ച കോടതി 23നകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. അതുവരെ അറസ്റ്റ് പാടില്ലെന്ന് ഇഡിയ്ക്ക് ഇടക്കാല ഉത്തരവിലൂടെ നിർദ്ദേശം നൽകി. ഇടക്കാല ഉത്തരവ് വന്നതിന് തൊട്ട് പിറകെയാണ് ശിവശങ്കർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. 2016 മുതൽ നടത്തിയ വിദേശയാത്രകളെക്കുറിച്ചാണ് ഇഡിയുടെ അന്വേഷണം. ഈ കാലയളവിൽ ഒദ്യോഗിക യാത്രയല്ലാതെ വ്യക്തിപരമായ യാത്രയും ശിവശങ്കർ നടത്തിയിട്ടുണ്ട്. 

click me!