
കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസുകൾക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ ഓഫീസുകൾക്ക് ഏഷ്യാനെറ്റ് ന്യൂസ് ആവശ്യപ്പെടുന്നത് അനുസരിച്ച് സുരക്ഷ ഉറപ്പാക്കണം എന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് എൻ നഗരേഷ് നിർദേശം നൽകി. ഏഷ്യാനെറ്റ് ന്യൂസ് സമർപ്പിച്ച ഹർജിയിലാണ് നിർദേശം. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിൽ ഉണ്ടായ എസ് എഫ് ഐ അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഹർജി നൽകിയത്.
അതേസമയം ഏഷ്യാനെറ്റ് ന്യൂസിന് എതിരായ ദുഷ്പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധവുമായി മുംബൈയിൽ മലയാളി കൂട്ടായ്മ. മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ ഉള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായാണ് ഒരു സംഘം മലയാളികൾ സിഎസ്ടി റെയിൽവേ സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചത്. ലഹരി മാഫിയക്കെതിരായ ഏഷ്യാനെറ്റ് ന്യൂസിന്റെ പോരാട്ടങ്ങളിൽ ഒപ്പം നിൽക്കും എന്നും പ്രതിഷേധത്തിൽ പങ്കെടുത്തവർ പറഞ്ഞു.