
കൊച്ചി: സിപിഎം നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സിബിഐ പ്രത്യേക ടീം കേസ് അന്വേഷിക്കും. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫസലിന്‍റെ സഹോദരന്‍ അബ്ദുല്‍ സത്താറിന്‍റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇരിങ്ങാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരകൻ ഉൾപ്പടെയുളളവരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്‍റെ വെളിപ്പെടുത്തല്‍.
2006 ഒക്‌റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എൻഡിഎഫിൽ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകം എന്നായിരുന്നു ആരോപണം. വർഷങ്ങളായി സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ കൊലപാതക കേസായിരുന്നു ഇത്. കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു.
എന്നാൽ സിപിഎമ്മിന് കേസിൽ ബന്ധമില്ലെന്നും താനടക്കം നാല് ആർഎസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്നുമാണ് ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്‍റെ കുറ്റസമ്മത മൊഴിയിലുള്ളത്. ഫസൽ വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം തുടക്കം മുതൽ ആരോപിച്ചിരുന്നു. ഫസലിന്‍റെ ബന്ധുക്കളും കൊലപാതകത്തിലെ സിപിഐഎം പങ്ക് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam