വ്യാജ കായിക സര്‍ട്ടിഫിക്കറ്റുകൾ നല്‍കാന്‍ മാഫിയ; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

By Web TeamFirst Published Sep 30, 2019, 2:39 PM IST
Highlights

കൊല്ലം ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി നല്‍കിയ ഹര്‍ജിയിലാണ് നടപടി. 

കൊച്ചി: പ്രഫഷണൽ കോഴ്‍സ് പ്രവേശനത്തിനും പിഎസ്‍സി പരീക്ഷകള്‍ക്കും അധിക മാര്‍ക്ക് നേടാൻ വ്യാജ കായിക സര്‍ട്ടിഫിക്കറ്റുകൾ നല്‍കുന്ന മാഫിയകളെകുറിച്ചുള്ള പരാതി അന്വേഷിക്കാൻ ഡിജിപിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. കൊല്ലം ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി നല്‍കിയ ഹര്‍ജിയിലാണ് നടപടി. ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുത്താൽ 15 ശതമാനം ഗ്രേസ് മാര്‍ക്ക് കിട്ടും. ഇതോടെ റാങ്ക് പട്ടികയില്‍ തന്നെ ഏറെ മുന്നിലെത്താൻ വിദ്യാര്‍ഥികള്‍ക്ക് കഴിയും. ഇത് മനസിലാക്കിയാണ് ദേശീയ മത്സരത്തിന്‍റേതെന്ന പേരിൽ പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതെന്നാണ് പരാതി. 

ദേശീയ മത്സരങ്ങളല്ലാത്തവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്കുപോലും ദേശീയ മത്സരത്തിന് നല്‍കുന്ന അതേ ഗ്രേസ് മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നതായും ആരോപണമുണ്ട്. ഇതിനായി ഒരു മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതി. ഷൂട്ടിങ് വിഭാഗത്തിൽ ഇത്തരത്തില്‍ നല്‍കിയ 16 ലേറെ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനു തെളിവാണെന്നും പരാതിക്കാരനായ കൊല്ലം ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി സജു പറയുന്നു. 

തെളിവുകള്‍ സഹിതം വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിട്ടും നടപടി എടുത്തിരുന്നില്ല. മാത്രവുമല്ല വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വീണ്ടും മാര്‍ക്ക് നല്‍കുകയും ചെയ്തു. ജീവനക്കാര്‍ക്ക് അടക്കം ഇതില്‍ പങ്കുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് സജു ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം സജുവിന്‍റെ പരാതിയില്‍ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. 

 

 

click me!