
കൊച്ചി: ശബരിമല സ്വർണ്ണകൊള്ളയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, എസ് ഐ ടിക്ക് ഇന്ന് സുപ്രധാനമായ നിരവധി നിർദ്ദേശങ്ങളും നൽകി. പി എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന കാലത്തെ ഇടപാടുകളും അന്വേഷിക്കാൻ നൽകിയ നിർദ്ദേശമാണ് ഇതിൽ സുപ്രധാനം. പ്രധാന പ്രതികളുടെയെല്ലാം അക്കൗണ്ടുകളും മരവിപ്പിച്ചു. നാളെ ശബരിമലയിൽ വീണ്ടും പരിശോധന നടത്താൻ എസ് ഐ ടിക്ക് കോടതി അനുമതി നല്‍കി. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9 ന് വീണ്ടും കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം ശബരിമലയിൽ നടന്നത് വൻ കൊള്ളയെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വർണ്ണക്കൊള്ള മാത്രമല്ല, സ്വർണ്ണപ്പാളി തന്നെ മാറ്റിയോ എന്നതടക്കമുള്ള സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വി എസ് എസ് സിയിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. പാളികൾ മാറ്റിയിട്ടുണ്ടോ എന്നതിൽ വ്യക്തത ഉണ്ടാക്കാൻ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്താനും കോടതി നിർദ്ദേശിച്ചു. നാളെ ശബരിമലയിൽ വീണ്ടും പരിശോധന നടത്താൻ എസ് ഐ ടിക്ക് കോടതി അനുമതി നല്‍കി. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി 9 ന് വീണ്ടും കേസ് പരിഗണിക്കും. അതിന് മുന്നേ പഴയ വാതിലടക്കം പരിശോധിക്കണം. വി എസ് എസ് സിയുടെ പരിശോധന റിപ്പോർട്ട് സാങ്കേതിക സ്വഭാവം ഉള്ളതാണ്. വിഷയത്തില്‍ കൂടുതൽ വ്യക്തത വരണം. അതിന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് കൂടുതൽ വ്യക്തത ഉണ്ടാക്കണം. ആവശ്യമെങ്കിൽ മറ്റ് സാങ്കേതിക വിദഗ്ധരുടെ ഉപദേശവും സ്വീകരിക്കാം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam