
മലപ്പുറം: തിരൂരിലെ കൂട്ടായി എം എ എംഎച്ച്എസ്എസിലെ കംപ്യൂട്ടർ അധ്യാപകൻ രാജേഷ് കുമാറിനെതിരെ 2017ലാണ് വിദ്യാർത്ഥികളുടെ പരാതി എത്തുന്നത്. കംപ്യൂട്ടർ ക്ലാസിനിടെ ലാബിൽ വച്ച് ലൈംഗിക ലക്ഷ്യത്തോടെ കൈയിൽ മൗസ് ഉപയോഗിക്കുമ്പോൾ സ്പർശിച്ചെന്നായിരുന്നു പരാതി. മൗസ് ചലിപ്പിക്കുന്നിതിനിടെ കൈകളിൽ മറ്റൊരു രീതിയിൽ തൊട്ടെന്ന അഞ്ച് വിദ്യാർത്ഥികളുടെ പരാതിയിൽ തിരൂർ പൊലീസ് കേസ് എടുക്കുകയും അധ്യാപകനെ പിന്നീട് അറസ്റ്റ് ചെയ്തു.
നേരത്തെ ക്ലാസിലെ ആൺകുട്ടിക്ക് അശ്ലീല ചിത്രം അയച്ചു എന്ന കേസ് കോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ഈ അഞ്ച് കേസുകളും എടുക്കുന്നത്. എന്നാൽ കേസിനെതിരെ അധ്യാപകൻ പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയും എന്നാൽ കൈകളിൽ കംപ്യൂട്ടർ ക്ലാസിനിടെ തൊട്ടു എന്നത് കണക്കിലെടുത്ത് പോക്സോ വകുപ്പുകൾ ചുമത്താനാകില്ലെന്നായിരുന്നു കോടതി നിലപാട്. പോക്‌സോ നിയമത്തിലെ സെക്ഷൻ 7 പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് കുറ്റവാളി ഇരയുടെ ഏതെങ്കിലും സ്വകാര്യ ഭാഗത്ത് ലൈംഗിക ഉദ്ദേശത്തോടെ സ്പർശിക്കുകയോ ശാരീരിക സമ്പർക്കം ഉൾപ്പെടുന്ന മറ്റേതെങ്കിലും പ്രവൃത്തി ചെയ്യുകയോ വേണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.
ഇതോടെ നാല് കേസുകളും ഹൈക്കോടതി റദ്ദാക്കി. മറ്റൊരു കേസിൽ പരാതി വിദ്യാർത്ഥിനി പിൻവലിച്ചിരുന്നു. എന്നാൽ കേസിലെ വസ്തുതകൾ കണക്കിലെടുക്കാതെയാണ് ഹൈക്കോടതി നടപടിയെന്നാണ് സംസ്ഥാനം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. അധ്യാപകന്റെ പെരുമാറ്റം ലൈംഗിക ലക്ഷ്യത്തോടെയാണെന്നും ഇതുസംബന്ധിച്ച് ഇരകളായ വിദ്യാർത്ഥികളുടെ കൃത്യമായ മൊഴിയുണ്ടെന്നും സംസ്ഥാനം വ്യക്തമാക്കുന്നു. നേരത്തെയും സമാനമായ പ്രവൃത്തികൾ അധ്യാപകനിൽ നിന്നുണ്ടായിട്ടുണ്ടെന്ന് മൊഴികൾ കണക്കിലെടുക്കണമെന്നും സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കേസിലെ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതാണെന്നും അധ്യാപകൻ എന്ന നിലയിലുള്ള പ്രവർത്തനമല്ല പ്രതിയിൽ നിന്നുണ്ടായതെന്നും സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. അതിനാൽ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നത്. എന്നാൽ അധ്യാപകനെതിരായ പരാതി സ്കൂൾ മാനേജ്മെന്റ് നടത്തിയ ഗൂഢാലോചനയാണെന്നും പരാതി തന്നെ വ്യാജമാണെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്. പ്രതിയായ അധ്യാപകനായി അഭിഭാഷകൻ ബിജോ മാത്യു ജോയി ആണ് ഹാജരായത്. കേസ് ഇനി ഏപ്രിലിൽ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
ക്ഷേത്ര ഭരണത്തിൽ രാഷ്ട്രീയക്കാർ വേണ്ട; ഒറ്റപ്പാലം ക്ഷേത്രസമിതിയിലെ തെരഞ്ഞെടുപ്പ് അസാധുവാക്കി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam