പ്ലാസ്റ്റിക് നിരോധന ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി; നാളെ മുതല്‍ നിരോധനം നിലവില്‍ വരും

Published : Dec 31, 2019, 06:32 PM ISTUpdated : Dec 31, 2019, 07:10 PM IST
പ്ലാസ്റ്റിക് നിരോധന ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി; നാളെ മുതല്‍ നിരോധനം നിലവില്‍ വരും

Synopsis

പ്ലാസ്റ്റിക് നിരോധനം കേന്ദ്രത്തിന്‍റെ അധികാരപരിധിയിൽ വരുന്നതാണെന്നും ഇത്തരമൊരു ഉത്തരവിറക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്നുമാണ് ഹർജിക്കാരുടെ വാദം.

കൊച്ചി: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതൽ നിലവിൽ വരുന്ന പ്ലാസ്റ്റിക് നിരോധനത്തിനെതിരെയുള്ള ഹർജിയിൽ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി. സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്താനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നോൺ വോവൺ ബാഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിൽ സ്റ്റേ ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. നോൺ വോവൺ ബാഗുകൾ പ്ലാസ്റ്റിക് ഉൽപ്പന്നമാണെന്ന സർക്കാർ വാദം കണക്കിലെടുത്താണ് കോടതിയുടെ നടപടി. 

എന്നാൽ, നോൺ വോവൺ ബാഗുകൾ സംഭരിക്കുന്നവർക്കെതിരായ നടപടികൾ കോടതി വിലക്കി. പ്ലാസ്റ്റിക് നിരോധനം കേന്ദ്രത്തിന്‍റെ അധികാരപരിധിയിൽ വരുന്നതാണെന്നും ഇത്തരമൊരു ഉത്തരവിറക്കാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്നുമാണ് ഹർജിക്കാരുടെ വാദം. കേന്ദ്ര സർക്കാറിന്‍റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും ഹർജിക്കാർ ആരോപിച്ചു. പെട്ടെന്നെടുത്ത തീരുമാനമായതിനാൽ നിരവധി വ്യവസായ സംരഭകരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. വാദം കണക്കിലെടുത്ത കോടതി ഹർജി പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള മറ്റ് ഹർജികൾക്കൊപ്പം പരിഗണിക്കാനായി മാറ്റി. 

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ നിരോധനം നിലവിൽ വരും. പുതുവർഷത്തിൽ പ്ലാസ്റ്റിക് രഹിത കേരളം എന്ന പുതിയ ചുവടുവയ്പിനുളള തയ്യാറെടുപ്പിലാണ് സർക്കാർ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവർ, പ്ലേറ്റ്, സ്ട്രോ, അലങ്കാര വസ്തുക്കൾ, പ്ലാസ്റ്റിക് ആവരണമുളള പേപ്പർ ഗ്ലാസ് എന്നിവയ്ക്കാണ് നിരോധനം. ബ്രാൻഡഡ് വസ്തുക്കളുടെ കവറുകൾ ഉപഭോക്താക്കളിൽ നിന്ന് തിരിച്ചു ശേഖരിക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇത്തരം കവറുകൾ ശേഖരിക്കാൻ സർക്കാർ തന്നെ മുൻകയ്യെടുക്കും.

പ്ലാസ്റ്റികിന് ബദലായി തുണി സഞ്ചി, പേപ്പർ കവ‌ർ എന്നിവ വിപണിയിൽ കൂടുതൽ ലഭ്യമാക്കും. നിരോധനം ലംഘിക്കുന്നവർക്ക്  10,000 രൂപ മുതൽ  50,000 രൂപ വരെയാണ് പിഴ. എന്നാൽ, ആദ്യഘട്ടത്തിൽ ശിക്ഷാനടപടി ഉണ്ടാകില്ല. ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പാക്കറ്റുകൾക്കും, സംസ്കരിക്കാവുന്ന പ്ലാസ്റ്റികിനും ഇളവുണ്ട്. ഉൽപാദനവും വിൽപ്പനയും നിരോധിക്കുന്നതിനൊപ്പം ജനങ്ങള്‍ക്ക് ബോധവൽക്കരണം നൽകി ഉപഭോഗം കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷ.

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം