ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല; ലാബ് ഉടമകളുടെ ആവശ്യം കോടതി തള്ളി

By Web TeamFirst Published May 7, 2021, 12:58 PM IST
Highlights

മാർക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് സർക്കാർ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളതെന്ന് നിരീക്ഷിച്ച കോടതി, കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യവും അംഗീകരിക്കാനും തയാറായില്ല.

കൊച്ചി: ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു. മാർക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് സർക്കാർ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളതെന്ന് നിരീക്ഷിച്ച കോടതി, കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യവും അംഗീകരിക്കാനും തയാറായില്ല.

ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. നിരക്ക് കുറച്ച സർക്കാർ ഉത്തരവ് ഏകപക്ഷീയമാണെന്നും തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സർക്കാർ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചതെന്നുമായിരുന്നു ലാബ് ഉടമകളുടെ വാദം. എന്നാല്‍, രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിൽ ഇടക്കിയിരുന്നതെന്നെന്ന്  സർക്കാർ കോടതിയെ അറിയിച്ചു. പഞ്ചാബിൽ 450 രൂപ, ഒറീസ 400 രൂപ, മഹാരാഷ്ട്ര 500 രൂപ എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് എന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. കേരളത്തിൽ ഉയർന്ന നിരക്ക് ഈടാക്കുന്നതിൽ നിരവധി പരാതി ഉണ്ടായിരുന്നുവെന്നും ഇതിനെ തുടർന്നാണ് നിരക്ക് കുറച്ചതെന്ന് സർക്കാർ വ്യക്തമാക്കി. ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും സർക്കാർ കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!