
ഇടുക്കി: ചട്ടം ലംഘിച്ചുള്ള സിഎസ്‌ഐ ധ്യാനം സംബന്ധിച്ച് ദേവികുളം സബ് കളക്ടർ ഇന്ന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. ധ്യാനം നടത്തിയത് കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന് റിപ്പോർട്ട്. 13 മുതല്‍ 17 വരെയുള്ള തിയതികളിലായി നടന്ന ധ്യാനത്തിൽ 450 പേർ പങ്കെടുത്തെന്നാണ് കണ്ടെത്തൽ. 322 പേർ മാത്രം പങ്കെടുത്തു എന്നായിരുന്നു സിഎസ്‌ഐ സഭയുടെ നിലപാട്. മാസ്ക് വെക്കുന്നതിൽ അലംഭാവം കാണിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രണങ്ങൾ നിലനിൽക്കെ വൈദികർ ഒത്തുകൂടിയതിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചോ എന്ന് ജില്ലാ പൊലീസ് മേധാവി പരിശോധിക്കും.
വിവാദ സിഎസ്ഐ ധ്യാനത്തിൽ സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പകർച്ച വ്യാധി നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഷപ്പ് റസാലവും വൈദികരും കേസിൽ പ്രതികളാകും. പ്രതിപ്പട്ടിക തയ്യാറാക്കി വരുന്നതായി ഇടുക്കി പൊലീസ് അറിയിച്ചു. ധ്യാനം നടത്തിയവർക്കെതിരെ കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിയ്ക്ക് കളക്ടർ നിർദ്ദേശം നൽകിയിരുന്നു.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് കഴിഞ്ഞ ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സിഎസ്ഐ പള്ളിയിൽ ധ്യാനം നടത്തിയത്. കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ പരമാവധി പരിപാടികൾ ഓൺലൈനായി നടത്തണമെന്ന് ഏപ്രിലിൽ തന്നെ സർക്കാർ നിർദ്ദേശമുണ്ടായിരുന്നു. മാത്രമല്ല ഇടുക്കിയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഏപ്രിൽ 12 മുതൽ ജില്ലയിലെ പൊതുപരിപാടികൾക്ക് ജില്ലഭരണകൂടം വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇക്കാര്യം അറിയാമായിരുന്നെന്ന് വിശദീകരണ കുറിപ്പിൽ സിഎസ്ഐ സഭ വ്യക്തമാക്കിയിട്ടുമുണ്ട്.
അഞ്ച് ദിവസം നീണ്ട ധ്യാനത്തിൽ പങ്കെടുത്ത 480 വൈദികരിൽ ബിഷപ്പടക്കം എൺപതോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേർ മരിച്ചു. എന്നാൽ 24 പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചതെന്നാണ് സഭയുടെ വിശദീകരണം. ധ്യാനത്തിന് ശേഷവും തിരിച്ചെത്തിയ വൈദികര്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ സഭാ വിശ്വാസികളുമായി അടുത്തിടപഴകുകയും ചെയ്ത സാഹചര്യത്തിലാണ് സഭയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ 27ന് സഭാ വിശ്വാസിയായ തിരുവനന്തപുരം സ്വദേശി മോഹനന്‍ ചീഫ് സെക്രട്ടറിക്കും. മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam