'ദുൽഖറിന്‍റെ ലാൻഡ് റോവർ നൽകുന്നതിൽ കസ്റ്റംസ് അഡീഷണൽ കമ്മീഷണർ തീരുമാനമെടുക്കണം'; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

Published : Oct 07, 2025, 06:09 PM IST
Operation Numkhor Dulquer

Synopsis

ദുൽഖറിനെ കൂടി കേട്ട ശേഷം അന്വേഷണ വിവരങ്ങൾ കൂടി പരിഗണിച്ച് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശം.

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടൻ ദുൽഖർ സൽമാന്റെ വാഹനം വിട്ട് നൽകുന്നതിൽ കസ്റ്റംസ് അഡീഷണൽ കമ്മീഷണർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുപത് വർഷത്തെ രേഖകൾ ഹാജരാക്കണമെന്നും ആവശ്യം തള്ളിയാൽ കാരണം സഹിതം കസ്റ്റംസ് ഉത്തരവിറക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. വിദേശത്ത് നിന്ന് എത്തിച്ച വാഹനത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടതായി നിലപാട് അറിയിച്ച കസ്റ്റംസ് ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി.

തന്റെ ലാൻഡ് റോവർ വാഹനം കസ്റ്റംസ് പിടിച്ചെടുത്തത് മുൻവിധിയോടെയെന്നും കൈമാറിയ രേഖകൾ പോലും ഉദ്യോഗസ്ഥർ പരിശോധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിദേശത്ത് നിന്ന് ചട്ടംലംഘിച്ച് എത്തിയ വാഹനമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയെന്ന് കസ്റ്റംസ് കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. ഹൈക്കോടതിയിലെ ഹർജി നിലനിൽക്കില്ലെന്നും കസ്റ്റംസിലെ അപ്പലറ്റ് ട്രൈബ്യൂണലിനെയാണ് ദുൽഖർ സമീപിക്കേണ്ടതെന്നും കസ്റ്റംസ് നിലപാടെടുത്തു. ദുൽഖറിന്റെ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തെങ്കിലും ഒരു വാഹനം മാത്രമാണ് വിട്ട് നൽകാൻ നടൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്തുകൊണ്ടാണ് സമാന ക്ലെയിം മറ്റ് വാഹനങ്ങളുടെ കാര്യത്തിൽ ഇല്ലാത്തതെന്നും കസ്റ്റംസ് എതിർവാദമുന്നയിച്ചു. ഹർജിയിൽ വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണർ കമ്മീഷണർ ദുൽഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു. വാഹനത്തിന്റെ ഇരുപത് വർഷത്തെ രേഖകളടക്കം ഹാജരാക്കണം. ദുൽഖറിനെ കൂടി കേട്ട ശേഷം അന്വേഷണ വിവരങ്ങൾ കൂടി പരിഗണിച്ച് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശം. വാഹനം വിട്ട് നൽകാൻ കഴിയില്ലെങ്കിൽ അക്കാര്യം വിശദമാക്കി ഉത്തരവായി ഇറക്കാനും ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടു.

വാദത്തിനിടെ കസ്റ്റംസിനോടും കോടതി ചോദ്യങ്ങൾ ഉന്നയിച്ചു. പല കൈകളിലൂടെ കൈമാറി വന്ന വാഹനത്തിന്റെ ഒടുവിലെ ഉടമയാണ് ദുൽഖർ.ഇതിൽ ആരാണ് ഉത്തരവാദിയെന്നും ഇപ്പോഴാണോ തട്ടിപ്പ് കണ്ടെത്തിയതെന്നും കോടതി ചോദിച്ചു.വിവരങ്ങൾ കൂട്ടിക്കുഴയ്ക്കാതെ ഓരോ വാഹനത്തിന്റെയും ക്രമക്കേട് എന്തെന്ന് വ്യക്തമാക്കാൻ കസ്റ്റംസിനോട് കോടതി ആവശ്യപ്പെട്ടു. തുടർന്ന് അന്വേഷണത്തിന്റെ ഇത് വരെയുള്ള വിവരങ്ങൾ മുദ്രവെച്ച കവറിൽ കസ്റ്റംസ് കോടതിക്ക് കൈമാറി.ഇതിനിടെ ഓപറേഷന്‍ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത 34 വാഹങ്ങള്‍ ഉടമകളുടെ തന്നെ സേഫ് കസ്റ്റഡിയിലേക്ക് കസ്റ്റംസ് മാറ്റിയെന്ന വിവരവും പുറത്ത് വന്നു. നിയമനടപടികള്‍ പൂര്‍ത്തിയാവുംവരെ വാഹനങ്ങള്‍ റോഡിലിറക്കാതെ ആർ സി ഉടമകളുടെ വീട്ടിലോ, ഗരാജുകളിലോ സൂക്ഷിക്കണം എന്നാണ് നിര്‍ദേശം.എന്നാൽ അന്വേഷണം തുടരുന്നതിനാൽ ദുല്‍ഖര്‍ സല്‍മാന്‍റെയും അമിത് ചക്കാലക്കലിന്‍റെയും ലാന്‍റ് റോവര്‍ വാഹനങ്ങള്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്. പല വാഹനങ്ങളും സംസ്ഥാനം വിട്ടതോടെ രണ്ടാഴ്ചക്കുശേഷവും കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ അന്വഷണസംഘത്തിന് സാധിച്ചിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സർവ്വേ നടത്തുന്നത് ഒരു പണിയുമില്ലാത്ത ചിലർ', എൻഡിടിവി സര്‍വ്വേയിൽ പേരില്ലാത്തതിൽ പ്രതികരണം, സന്തോഷമെന്ന് രമേശ് ചെന്നിത്തല
വിവാദ പരാമർശം; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ, 'ജീവിതത്തില്‍ പുലര്‍ത്തിയത് മതനിരപേക്ഷ നിലപാട്'