സ്‍കൂളിന് മുന്നില്‍ വേലികെട്ടാനുള്ള സൈന്യത്തിന്‍റെ ശ്രമം; പ്രതിരോധ മന്ത്രാലയം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

By Web TeamFirst Published Jul 5, 2021, 12:31 PM IST
Highlights

കേസ് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. കണ്ണൂർ കന്റോൺമെന്റ് ഏരിയയിൽ സെൻ്റ് മൈക്കൽസ് സ്കൂളിന് മുന്നിലെ ഒന്നരയേക്കർ വരുന്ന മൈതാനത്തിന് ചുറ്റുമാണ് ഡിഎസ്സി വേലി കെട്ടാന്‍ ശ്രമിച്ചത്. 

കണ്ണൂര്‍: കണ്ണൂർ സെൻ്റ് മൈക്കിൾസ് ഹയർസെക്കൻ്ററി സ്കൂളിന് മുന്നില്‍ സൈന്യം വേലികെട്ടാന്‍ ശ്രമിച്ചതിന് പ്രതിരോധ മന്ത്രാലയം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. സ്കൂൾ മാനേജ്മെൻ്റ് നൽകിയ ഹർജിയിലാണ് വിശദീകരണം തേടിയത്. കേസ് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. കണ്ണൂർ കന്‍റോണ്‍മെന്‍റ് ഏരിയയിൽ സെൻ്റ് മൈക്കൽസ് സ്കൂളിന് മുന്നിലെ ഒന്നരയേക്കർ വരുന്ന മൈതാനത്തിന് ചുറ്റുമാണ് ഡിഎസ്സി വേലി കെട്ടാന്‍ ശ്രമിച്ചത്. 

കണ്ണൂരിലെ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ റാലികള്‍ തുടങ്ങുന്ന സ്ഥലമാണ് സ്കൂളിന് മുന്നിലെ ഗ്രൗണ്ട്. 2500 കുട്ടികൾ പഠിക്കുന്ന സ്കൂളിന്‍റെ ബസുകൾ ഉൾപ്പടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഇവിടെയാണ്. സൈന്യം പണി തുടങ്ങിയതോടെ സിപിഎം കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളുമെത്തി പ്രതിഷേധിച്ചു. ഇതിന് പിന്നാലെ വേലികെട്ടാനുള്ള ശ്രമം സൈന്യം ഉപേക്ഷിച്ചിരുന്നു. 

പ്രതിരോധ വകുപ്പിന്‍റെ നിർദ്ദേശപ്രകാരമാണ് മതിൽ കെട്ടുന്നതെന്നും തീരുമാനം മാറ്റമണെങ്കിൽ കേന്ദ്രത്തെ സമീപിക്കുകയാണ് വേണ്ടതെന്നും ഡിഎസ്സി അധികൃതർ ജനപ്രതിനിധകളെ അറിയിച്ചിരുന്നു. ഗ്രൗണ്ട് ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെട്ട്  സെന്‍റ മൈക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്കും അയച്ചിരുന്നു.

click me!