
കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബുവിന്‍റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ശബരിമല വിഷയത്തിൽ അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങളിലടക്കം വിശദമായ വാദം നടക്കും. ഉത്തരവ് തിരിച്ചടിയല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയിൽ സമർപ്പിച്ചതെന്നും കെ ബാബു പ്രതികരിച്ചു.
സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം നടന്ന തൃപ്പൂണിത്തുറയിൽ 992 വോട്ടുകൾക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിഷയം ഉയർത്തി അയ്യപ്പനെ മുൻനിർത്തിയാണ് കെ ബാബു പ്രചാരണം നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലം വന്നതിന് തൊട്ട് പിന്നാലെ സ്വരാജ് ഹൈക്കോടതിയിലെത്തിയത്. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയിൽ സമർപ്പിച്ചു. കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവും കോടതിയിലെത്തി. ഹർജി പരിഗണിച്ച കോടതി ബാബുവിന്‍റെ തടസ്സവാദം തള്ളി സ്വരാജ് നൽകിയ കേസ് നിലനിൽക്കുന്നതെന്നും വ്യക്തമാക്കി.
എന്നാൽ ഏതെല്ലാം കാര്യങ്ങൾ പരിഗണിക്കാമെന്ന നിയമപ്രശ്നത്തിലും ജസ്റ്റിസ് പി ജി അജിത്കുമാർ വ്യക്തത വരുത്തി. വോട്ടേഴ്സ് സ്ലിപ്പിൽ അയ്യപ്പന്‍റെ പടം അച്ചടിച്ച് വിതരണം ചെയ്തെന്ന ആരോപണങ്ങളും തുടർ സാഹചര്യങ്ങളുമാകും വാദത്തിനിടെ കോടതി പരിശോധിക്കുക. വീടുകൾ കയറി അയ്യപ്പന്‍റെ പേര് പറഞ്ഞ് വോട്ട് ചോദിച്ചു എന്നത് കേസിൽ നിലനിൽക്കില്ല.എന്നാൽ രേഖകൾ ഹാജരാക്കിയ വിഷയങ്ങൾ കോടതി പരിശോധിക്കും. തടസ ഹർജിയിലെ ഒരു ഭാഗം കോടതി അംഗീകരിച്ചെന്നും അയ്യപ്പന്‍റെ പടം ഉപയോഗിച്ച് സ്ലിപ്പ് അടിച്ചിട്ടില്ലെന്നും കെ ബാബു പ്രതികരിച്ചു. കെ ബാബുവിന് എതിർസത്യവാങ്മൂലം നൽകാൻ കോടതി മൂന്നാഴ്ച സമയം അനുവദിച്ചു.കേസ് മെയ് 24 ന് വീണ്ടും പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam