
കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലെ പ്രതികളുടെ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഫർസീൻ മജീദ്, നവീൻ എന്നിവരുടെ ജാമ്യ ഹർജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. ഹർജി ചൊവ്വാഴ്ച പരിഗണിക്കും. വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യ തേടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, ആർ കെ നവീൻ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളി മാത്രമാണെന്നും ഇതിന് വധശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഗൺമാന്‍റെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി രാഷ്ട്രീയ വിരോധം തീർക്കാൻ ഭാവനാസൃഷ്ടിയിൽ ഉണ്ടാക്കിയ കേസാണിത്. തങ്ങൾ വിമാനത്തിന്‍റെ മുൻസീറ്റിലും മുഖ്യമന്ത്രി പിൻസീറ്റിലുമായിരുന്നു. വിമാനം ലാൻഡ് ചെയ്ത് വാതിൽ തുറന്നപ്പോൾ രണ്ടുവട്ടം മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രിയ്ക്ക് അടുത്തേക്ക് പാഞ്ഞടുത്തിട്ടില്ല. എന്നാൽ ഇ പി ജയരാജനും ഗൺമാനും ചേർന്ന് തങ്ങളെ തള്ളിയിട്ട് ക്രൂരമായി മർദ്ദിച്ചു. വിമാനത്താവളം മാനേജറുടെ റിപ്പോർട്ട് പ്രകാരം മൂന്നുപേര്‍ വഴക്കിട്ടു. മൂന്നാമൻ ഇ പി ജയരാജനാണ്. എന്നാൽ ഇ പി ജയരാജനെതിരെ കേസ് പോലുമില്ല. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിൽ നടക്കുന്ന സമരത്തെ അടിച്ചമർത്താനുള്ള കേസാണിതെന്നും ഹർജിക്കാർ പറഞ്ഞു.
എന്നാൽ വിമാനത്തിൽ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്ൻ ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. എന്നാൽ ആരോപണം തള്ളുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി തന്നെ കള്ളകേസെടുക്കാൻ കൂട്ട് നിൽക്കുകയാണെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam